News - 2025

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് തടവിലായ മൂന്ന് ഇറാനികള്‍ക്ക് മോചനം

സ്വന്തം ലേഖകന്‍ 09-02-2020 - Sunday

ടെഹ്‌റാന്‍: ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ തടവിലായ ഇറാന്‍ സ്വദേശികള്‍ക്ക് ജയില്‍ മോചനം. ഇക്കഴിഞ്ഞ ഫെബ്രുവരി 2നാണ് എഗ്ലിദ് ജയിലില്‍ നിന്നും അസ്ഗര്‍ സലേഹി എന്ന ക്രൈസ്തവ വിശ്വാസി മോചിതനായത്. അദ്ദേഹത്തോടൊപ്പം അറസ്റ്റിലായ മൊഹമ്മദ് റേസ റെസായിയും, പേര് വ്യക്തമല്ലാത്ത മറ്റൊരു ക്രൈസ്തവ വിശ്വാസിയും ഉടന്‍ മോചിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ആറ് മാസത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട അസ്ഗര്‍ രണ്ടു മാസത്തിന് ശേഷം ജയില്‍ മോചിതനായ വാര്‍ത്ത അദ്ദേഹത്തിന്റെ ബന്ധുമിത്രങ്ങളും ക്രിസ്ത്യന്‍ സമൂഹവും അതീവ സന്തോഷത്തോടെയാണ് വരവേറ്റത്.

2018 സെപ്റ്റംബറിലാണ്, അസ്ഗര്‍ മൊഹമ്മദ്‌ റെസായി എന്നിവര്‍ക്ക് പുറമേ നാലോളം പേരെ ഇറാനിയന്‍ ഇന്റലിജന്‍സ് പ്രതിനിധികള്‍ അവരുടെ വീടുകള്‍ റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യുന്നത്. കണ്ണ് മൂടിക്കെട്ടി 3 ദിവസത്തോളമായിരിന്നു ചോദ്യം ചെയ്യല്‍. 8 ദിവസത്തോളം ജയിലില്‍ കിടന്ന അസ്ഗര്‍ തന്റെ ബിസിനസ് ലൈസന്‍സ് സമര്‍പ്പിച്ചാണ് ജാമ്യം നേടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18­-ന് ഇവര്‍ മൂന്ന്‍ പേരെയും എഗ്ലിഡ് ക്രിമിനല്‍ കോടതിയുടെ ശാഖ 101-ല്‍ വിളിപ്പിച്ച് വിചാരണ ചെയ്തു. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായി പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തിയ ജഡ്ജി അസ്ഗറിനെ സംസാരിക്കുവാന്‍ പോലും അനുവദിച്ചില്ലെന്നും, അസ്ഗര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും, ക്രിസ്തീയതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കിയതായും മിഡില്‍ ഈസ്റ്റ്‌ കണ്‍സേണ്‍ എന്ന സന്നദ്ധ സംഘടയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബര്‍ 16ന് ഇതേ കോടതി തന്നെ ഇവരെ വീണ്ടും വിളിപ്പിക്കുകയും മൂന്നു പേര്‍ക്കും ആറ് മാസത്തെ ജയില്‍ വാസം വിധിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഡിസംബര്‍ 12ന് ജോലിസ്ഥലത്ത് വെച്ചാണ് അസ്ഗര്‍ അറസ്റ്റിലാവുന്നത്. രാഷ്ട്രീയവും, രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ ചുമത്തി തടവിലാക്കുന്ന തടങ്കല്‍ കാലയളവിന് മുന്‍പ് നേരത്തെ മോചിപ്പിക്കുന്നത് സാധാരണമല്ലെന്നാണ് ജെയില്‍ മോചിതനായ അസ്ഗറിന്റെ സുഹൃത്ത് പറഞ്ഞത്. മതപീഡനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്ന ഇറാനില്‍ നിന്നും പുറത്തുവന്നിരിക്കുന്ന ഈ വാര്‍ത്ത അനേകം ക്രൈസ്തവര്‍ക്ക് ആശ്വാസം പകരുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 524