News
ക്രൈസ്തവ കൂട്ടക്കൊലയ്ക്കെതിരെ നൈജീരിയയില്‍ ഉടനീളം പ്രാര്‍ത്ഥനാ റാലി
സ്വന്തം ലേഖകന്‍ 07-02-2020 - Friday
ലാഗോസ്: നൈജീരിയയില്‍ സ്ഥിര സംഭവമായി മാറിയ ക്രൈസ്തവ കൂട്ടക്കൊലക്കും രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്കുമെതിരെ “സഭ ഒരുമിക്കുകയാണ് നരകത്തിന്റെ വാതിലുകള്‍ ഇനി നിലനില്‍ക്കുകയില്ല” എന്ന മുദ്രാവാക്യവുമായി വിശ്വാസികളുടെ പ്രാര്‍ത്ഥനാറാലി. ഇക്കഴിഞ്ഞ ഞായറാഴ്ച ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍) യുടെ ആഹ്വാനമനുസരിച്ചാണ് ക്രൈസ്തവര്‍ തങ്ങളുടെ ദേവാലയങ്ങള്‍ക്ക് ചുറ്റും സമാധാനപരമായി പ്രാര്‍ത്ഥനാ പദയാത്രകള്‍ നടത്തിയത്. “ക്രൈസ്തവരെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക”, “ക്രൈസ്തവരെ കൊല്ലുന്നത് അവസാനിപ്പിക്കുക” തുടങ്ങിയ ബാനറുകളും വഹിച്ചു നടന്ന റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു.
നൈജീരിയയിലെ പതിനേഴോളം തെക്കന്‍ സംസ്ഥാനങ്ങളിലെ സി.എ.എന്‍ ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ പ്രമുഖ പട്ടണങ്ങളിലെല്ലാം തന്നെ സമാധാനപരമായ റാലികള്‍ നടന്നു. ഇബാദാനിലെ ഒറിട്ടാമേഫ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നടന്ന റാലിക്ക് സി.എ.എന്‍ പ്രസിഡന്റ് റവ. സുപോ അയോകുനേലെയും, ‘റെഡീംഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡ്’ (ആര്‍.സി.സി.ജി) ന്റെ പ്രതിഷേധത്തിന് പാസ്റ്റര്‍ എനോക്ക് അഡെബോയും നേതൃത്വം നല്‍കി. ആക്രമണങ്ങളുടെ ലക്ഷ്യം ക്രൈസ്തവരാണെന്നും മതങ്ങള്‍ക്കതീതമായി രാജ്യത്തെ പൗരന്‍മാരെ സംരക്ഷിക്കുവാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം നിറവേറ്റുവാന്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്കു കഴിയണമെന്നും റവ. അയോകുനേലെ ആവശ്യപ്പെട്ടു.
സി.എ.എന്‍ ചെയര്‍മാന്‍ ലാവന്‍ അന്‍ഡീമിയും, മൈദുഗുഡി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ റോപ്വില്‍ ഡാല്യെപും കൊല്ലപ്പെട്ടതും ലിയ ഷരീബു എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി തടവില്‍ കഴിയുന്നതും ക്രൈസ്തവരാണെന്ന ഒറ്റക്കാരണത്താലാണെന്ന്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.വടക്ക് മുതല്‍ തെക്ക് വരെ ശരിയത്ത് നടപ്പിലാക്കുമെന്ന് ബൊക്കോ ഹറാം തലവന്‍ അബൂബക്കര്‍ ഷെക്കാവു നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയ അദ്ദേഹം എന്തര്‍ത്ഥത്തിലാണ് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ മതപരമല്ലെന്ന് പറയുന്നതെന്ന് ചോദിച്ചു. സിറിയയിലേയും, ഇറാഖിലേയും പോലെ നൈജീരിയയിലെ ക്രിസ്ത്യാനികളുടെ കൂട്ടക്കൊലയില്‍ ഇടപെടുവാന്‍ റവ. അയോകുനേലെ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. സി.എ.എന്‍ ആഹ്വാനമനുസരിച്ച് വിക്ടറി ഇന്റര്‍നാഷണല്‍ ചര്‍ച്ച്, ഗെത്സമനെ പ്രെയര്‍ മിനിസ്ട്രീസ്, ആംഗ്ലിക്കന്‍ ചര്‍ച്ച്, ആര്‍.സി.സി.ജി, വിന്നേഴ്സ് ചാപ്പല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ക്രിസ്ത്യന്‍ സഭകളും കൂട്ടായ്മകളും പ്രത്യേക പ്രാര്‍ത്ഥനകളും പദയാത്രയും സംഘടിപ്പിച്ചു.
തീവ്രവാദികളില്‍ നിന്നും, കൊള്ളക്കാരില്‍ നിന്നും, കവര്‍ച്ചക്കാരില്‍ നിന്നും, മതമൗലീക വാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുവാന്‍ പ്രാര്‍ത്ഥനയും അപേക്ഷയും ദൈവത്തിലേക്കെത്തിക്കുക എന്നതാണ് പദയാത്രയുടെ ലക്ഷ്യമെന്ന് ആര്‍.സി.സി.ജി യുടെ പദയാത്രക്ക് നേതൃത്വം നല്‍കിയ പാസ്റ്റര്‍ എനോക്ക് അഡെബോ പറഞ്ഞു. മൂന്ന്‍ ദിവസത്തെ ഉപവാസം ആചരണത്തിനും സി.എ.എന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക