India - 2025
'ക്രിസ്തുവിനെ കേന്ദ്രീകരിച്ചാല്‍ മാത്രമേ നന്മയുടെ വിത്തുകള്‍ വിതയ്ക്കാനാകൂ'
16-02-2020 - Sunday
മാരാമണ്‍: ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷയിലൂടെ മാത്രമേ ലോകത്തിനു മുമ്പില്‍ നന്മയുടെ വിത്തുകള്‍ വിതയ്ക്കാനാകൂവെന്ന് ആര്‍ച്ച് ബിഷപ്പ് ദിനോ ഗബ്രിയേല്‍. മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ മുഖ്യസന്ദേശം നല്കുകകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠകരമായ ശിഷ്യത്വത്തിലേക്ക് വിളിക്കപ്പെട്ടവരാണ് വിശ്വാസികള്‍. നമ്മില്‍ ക്രിസ്തുവിനെ ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തുമ്പോള്‍ മാത്രമേ മറ്റുള്ളവരെ നമ്മിലേക്ക് ആകര്‍ഷിക്കാനാകൂവെന്ന് ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ശുശ്രൂഷയുടെ കാര്യവിചാരകത്വം ക്രിസ്തുവിനുള്ളതാണ്. ഇതില്‍ വ്യക്തിപരമായ ഓഹരിയോ പങ്കാളിത്തമോ ഇല്ല. പ്രഘോഷിക്കപ്പെടുന്നതു ക്രിസ്തുവിനെയാണ്. ക്രിസ്തുവില്‍ നിന്നും നാം സ്വീകരിക്കുന്ന പ്രകാശം ലോകത്തിലേക്കു പ്രകാശിപ്പിക്കാനുള്ള ഉത്തരവാദിത്വമാണ് വിശ്വാസ സമൂഹത്തിനുള്ളത്. ശ്രേഷ്ഠമായ ശിഷ്യത്വത്തിനുടമകളാണ് വിശ്വാസികള്‍. വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. പ്രഘോഷണങ്ങള്‍ ജീവിതത്തിന്റെ ധാര്ഷ്ട്യുത്തില്‍ നിന്നാകരുത്, ക്രിസ്തുവുമായുള്ള അനുഭവത്തില്‍ നിന്നാകണം. നല്കപ്പെട്ട വചനം ലോകത്തിനു മുമ്പില്‍ പ്രകാശിപ്പിക്കുകയെന്നത് വലിയൊരു ദൗത്യമായി തന്നെ വിശ്വാസസമൂഹം ഏറ്റെടുക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന യോഗത്തില്‍ റവ.ഡോ. ജോണ്‍ ശാമുവേലും വൈകുന്നേരം ഡോ. ഗീവര്‍ഗീനസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പയും പ്രസംഗിച്ചു. കണ്‍വെന്‍ഷന്‍ ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന യോഗത്തില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സമാപനസന്ദേശം നല്കും .