News - 2024

98 വയസ്സുള്ള ചൈനീസ് ബിഷപ്പ് കൊറോണ രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി

സ്വന്തം ലേഖകന്‍ 18-02-2020 - Tuesday

ബെയ്ജിംഗ്: ചൈനയിലെ നൻയാങ് രൂപതയുടെ ബിഷപ്പ് മോൺസിഞ്ഞോർ ജോസഫ് സൂ ബയു, കൊറോണ രോഗബാധയില്‍ നിന്ന് പൂര്‍ണ്ണമായും സൗഖ്യം പ്രാപിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. 98 വയസ്സുള്ള അദ്ദേഹത്തിന് ഫെബ്രുവരി മൂന്നാം തീയതിയാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. പ്രാര്‍ത്ഥനയ്ക്കും ചികിത്സയ്ക്കും ഒടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 13നു നടത്തിയ മെഡിക്കൽ ടെസ്റ്റുകളിൽ അദ്ദേഹം പൂര്‍ണ്ണ സൗഖ്യം പ്രാപിച്ചതായി കണ്ടെത്തുകയായിരിന്നു. നൻയാങിലുളള ആശുപത്രിയിൽ നിന്നായിരുന്നു ബിഷപ്പിന് ചികിത്സ ലഭിച്ചത്. മറ്റു പല അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിട്ടും രോഗത്തെ അതിജീവിച്ച സംഭവത്തെ ഏവരും അത്ഭുതത്തോടെയാണ് നോക്കികാണുന്നത്.

പ്രായമായവർക്കും, മറ്റ് അസുഖങ്ങൾ അലട്ടുന്നവർക്കും കൊറോണ വൈറസിനെ അതിജീവിക്കാൻ വളരെയധികം ബുദ്ധിമുട്ടാണെന്ന് മെഡിക്കൽ വിദഗ്ധർ നേരത്തെ പറഞ്ഞിരിന്നു. എന്നാല്‍ ഈ അനുമാനങ്ങളെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ബിഷപ്പിന്റെ തിരിച്ചുവരവ്. ബിഷപ്പ് ജോസഫ് സൂ രോഗമുക്തി നേടിയത് അസാധാരണമായ ഒരു സംഭവമായി ചൈനയിലെ ഏറ്റവും പ്രചാരമുള്ള പത്രമായ 'പീപ്പിൾസ് ഡെയ്‌ലി' അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിഷപ്പിന് രോഗത്തില്‍ നിന്നും ലഭിച്ച മോചനം സന്തോഷം പകരുന്നുവെന്ന് ദി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസിലെ അംഗമായ സെർജിയോ ടികോസി പറഞ്ഞു.

ഏറെനാൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടു പോലും അതിലൊന്നും തളരാതെ സൈക്കിളുമായി വിശ്വാസികളെ കാണാനെത്തിയിരുന്ന ബിഷപ്പ് ജോസഫിന്റെ ചിത്രം സെർജിയോ സ്മരിച്ചു. മറ്റുള്ളവരുടെ കാര്യത്തിൽ അദ്ദേഹം അതീവ ശ്രദ്ധ ചെലുത്തിയിരുന്നുതായും എളിമയോടും വിനയത്തോടും കൂടിയാണ് അദ്ദേഹം ആരോഗ്യപ്രശ്നങ്ങൾ മൂലം വിരമിക്കുന്നതുവരെ ശുശ്രൂഷ ചെയ്തിരുന്നതെന്നും സെർജിയോ ടികോസി പറഞ്ഞു. ഏതാനും നാളുകൾക്കു മുമ്പ് വരെ ദി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസിന്റെ ഭാഗമായിരുന്ന നൻയാങ് രൂപതയിൽ, ഇന്ന് ഇരുപതിനായിരത്തോളം വിശ്വാസികളുണ്ട്. ഇരുപതോളം വൈദികരും, സെന്റ് ജോസഫ് കോൺഗ്രിഗേഷനിൽ നിന്നുള്ള നൂറുകണക്കിന് സന്യസ്തരും ഇവിടെ ശുശ്രൂഷ ചെയ്യുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »