News - 2025
സംയുക്ത പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനവുമായി മതനേതാക്കള്‍
29-04-2020 - Wednesday
കൊച്ചി: കൊറോണ വൈറസ്ബാധമൂലം ചികില്‍സയിലായിരിക്കുന്നവര്‍ക്കും മരണമടഞ്ഞവര്‍ക്കും വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് അക്ഷീണം പ്രയത്‌നിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥനാദിന ആചരണത്തിനുള്ള ആഹ്വാനവുമായി കേരളത്തിലെ വിവിധ മതനേതാക്കള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക് ഡൗണ്‍ിന്റെ അവസാനദിനമായ മെയ് മൂന്ന് ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കാനാണ് മതനേതാക്കളുടെ ആഹ്വാനം. കേരളം കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ കൂട്ടായ്മയും ഐക്യവും ജാതിമത വ്യത്യാസമില്ലാതെ ഇക്കാര്യത്തില്‍ ഇനിയും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കേരളം ഒരുമിച്ച് ഭാരതത്തിനുവേണ്ടിയും ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്.
കോഴിക്കോട് അദ്വൈതാശ്രമാധിപന്‍ സ്വാമി ചിദാനന്ദപുരി, പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠാധിപന്‍ സ്വാമി സദ്ഭവാനന്ദ, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തൃശൂര്‍ തെക്കേമഠാധിപന്‍ ശ്രിമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ. പി. അബുബക്കര്‍ മുസിലിയാര്‍, ഡോ. ഹുസൈന്‍ മടവൂര്‍, തിരുവനന്തപുരം പാളയം ഇമാം വി. പി. സുഹൈബ് മൗലവി, സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലങ്കരസഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ്, ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ ദ്വിതീയന്‍ കത്തോലിക്കാ ബാവ, ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, യാക്കോബായ സഭാ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാര്‍ത്തോമ സഭാദ്ധ്യക്ഷന്‍ ജോസഫ് മാര്‍ തേമാ മെത്രാപ്പോലീത്താ, സി. എസ്. ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലം, തൃശൂര്‍ ഈസ്റ്റ് സിറിയന്‍ ചര്‍ച്ച് മെത്രാപ്പോലീത്ത ഡോ. മാര്‍ അപ്രേം എന്നിവരാണ് പ്രാര്‍ത്ഥനാ ദിനാചരണത്തിനുള്ള ആഹ്വാനം നടത്തിയിരിക്കുന്നത്.