News
പ്രക്ഷോഭകര്‍ ആക്രമിച്ച സെന്റ് ജോണ്‍സ് ദേവാലയം സന്ദര്‍ശിച്ച് ബൈബിള്‍ ഉയര്‍ത്തി ഡൊണാള്‍ഡ് ട്രംപ്
പ്രവാചക ശബ്ദം 02-06-2020 - Tuesday
വാഷിംഗ്‌ടണ്‍ ഡി.സി: ജോര്‍ജ്ജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്കിടെ വ്യാപക ആക്രമണത്തിന് ഇരയായ സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ ദേവാലയം സന്ദര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ ഭാഗികമായി അഗ്നിക്കിരയാക്കിയ ഇരുനൂറ് വര്‍ഷങ്ങള്‍ പഴക്കമുള്ള സെന്റ് ജോണ്‍സ് ദേവാലയ പരിസരത്ത് കാല്‍നടയായി എത്തിയ ട്രംപ് പ്രതിഷേധക്കാര്‍ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയ കെട്ടിടങ്ങളും ചുറ്റിനടന്ന് കണ്ടു.
ഞായറാഴ്ച രാത്രി നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടയിലാണ് “പ്രസിഡന്റുമാരുടെ പള്ളി” എന്നറിയപ്പെടുന്ന ചരിത്രപ്രധാനമായ സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ ദേവാലയം അഗ്നിക്കിരയായത്. ദേവാലയത്തിന്റെ പുറംഭിത്തികള്‍ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. റോസ് ഗാര്‍ഡനില്‍ നിന്നുകൊണ്ട് പ്രസിഡന്റ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തതിന് ശേഷമാണ് ദേവാലയം അദ്ദേഹം സന്ദര്‍ശിച്ചത്. ജോര്‍ജ്ജ് ഫ്ലോയിഡിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയ ട്രംപ് അതിന്റെ പേരില്‍ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെ അപലപിച്ചു.
“ഇനി ഞാന്‍ വളരെ വളരെ പ്രത്യേകയുള്ള ഒരു സ്ഥലത്തിന് ആദരവ് അര്‍പ്പിക്കുവാന്‍ പോവുകയാണ്” എന്ന്‍ പറഞ്ഞുകൊണ്ടാണ് ട്രംപ് ദേവാലയത്തിലേക്ക് കാല്‍ നടയായി നീങ്ങിയത്. ഉയര്‍ന്ന ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ അനുഗമിച്ചു. “നമുക്കൊരു മഹത്തായ രാഷ്ട്രമുണ്ട്. അതാണെന്റെ ചിന്ത. അത് തിരിച്ചു വരും, മുന്‍പെങ്ങുമില്ലാത്തവിധം ശക്തമായി തന്നെ അത് തിരിച്ചു വരും”- ദേവാലയത്തിലെത്തിയ ട്രംപ് ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രഖ്യാപനം നടത്തി. 1815-ല്‍ വൈറ്റ്ഹൗസിന് തൊട്ടടുത്ത് ലഫായെറ്റ് പാര്‍ക്കിനു സമീപത്തായി പണികഴിപ്പിച്ച സെന്റ് ജോണ്‍സ് ദേവാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിഡന്റ് ജെയിംസ് മാഡിസണ്‍ മുതലുള്ള എല്ലാ പ്രസിഡന്റുമാരും ഒരിക്കലെങ്കിലും ഇവിടെ ശുശ്രൂഷകളില്‍ പങ്കുകൊണ്ടിട്ടുള്ളതായി പറയുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക