News - 2025
കോവിഡിനെതിരായ പോരാട്ടത്തിൽ വിജയഗീതം പാടാറായിട്ടില്ല, ജാഗ്രത തുടരണം: പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
പ്രവാചക ശബ്ദം 09-06-2020 - Tuesday
വത്തിക്കാന്‍ സിറ്റി: കോവിഡിനെതിരായ പോരാട്ടത്തിൽ വിജയഗീതം പാടാറായിട്ടില്ലായെന്നും രോഗബാധയെ തടയിടാനുദ്ദേശിച്ചു നല്കപ്പെടുന്ന നിയമങ്ങളുടെ പാലനം ഇനിയും നാം തുടരേണ്ടതുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച (07/06/20) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷമാണ് രോഗത്തിനെതിരായ പോരാട്ടത്തിൽ ഇനിയും അതീവ കരുതലോടെ മുന്നോട്ടു പോകേണ്ടതിൻറെ ആവശ്യകത പാപ്പ ഓര്‍മ്മിപ്പിച്ചത്. പ്രാർത്ഥനയിൽ പങ്കെടുത്തവരുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് മഹാമാരിയുടെ അതിരൂക്ഷ ഘട്ടം ഇറ്റലി തരണം ചെയ്തു കഴിഞ്ഞു എന്നാണെന്ന് പറഞ്ഞ പാപ്പ വിജയഗീതം പാടാൻ സമയമായിട്ടില്ലെന്നും ജാഗരൂകത ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
ദൗർഭാഗ്യവശാൽ ചിലനാടുകളിൽ കൊറോണ വൈറസിന് അനേകർ ഇരകളാകുന്നുണ്ടെന്ന വസ്തുത പാപ്പ അനുസ്മരിച്ചു. മഹാമാരിയുമയി ബന്ധപ്പെട്ട, നിലവിലുള്ള നിയമങ്ങൾ സശ്രദ്ധം പാലിക്കേണ്ടത് ആവശ്യമാണ്. കൊറോണ വൈറസിൻറെ മുന്നേറ്റത്തിന് തടയിടാനുദ്ദേശിച്ചുള്ളതാണ് ആ നിയമങ്ങളെന്നും പാപ്പാ പറഞ്ഞു. ലോകമെങ്ങും 68 ലക്ഷത്തോളം ആളുകകള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 3,97,000 അധികം പേര്‍ മരണമടഞ്ഞിട്ടുണ്ട്. രോഗം രൂക്ഷമായിരിന്ന ഇറ്റലിയിലും അമേരിക്കയിലും ശമനം ഉണ്ടാകുന്നുണ്ടെങ്കിലും റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും ഭാരതത്തിലും രോഗം അതിവേഗം പടരുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക