News - 2025
ആത്മീയ മുന്‍തൂക്കവും ശക്തമായ അല്‍മായ നേതൃത്വവും ചൈതന്യമുള്ള ഇടവകകളുടെ പ്രത്യേകതകളെന്ന് പഠനഫലം
പ്രവാചക ശബ്ദം 15-06-2020 - Monday
ന്യൂയോര്‍ക്ക്: പ്രേഷിതപരമായി ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ശക്തമായ അത്മായ നേതൃത്വവും ഉള്ളവയാണ് ചൈതന്യമുള്ള ഇടവകകളെന്നും അവ സമൂഹത്തിന് കൂടുതല്‍ സ്വീകാര്യത ഉളവാക്കുന്നുവെന്നും പഠനഫലം. ഫൗണ്ടേഷന്‍ ആന്‍ഡ് ഡോണേഴ്സ് ഇന്ററസ്റ്റഡ് ഇന്‍ കാത്തലിക് ആക്ടിവിറ്റീസ് (എഫ്.എ.ഡി.ഐ.സി.എ) എന്ന സംഘടന കഴിഞ്ഞയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ചൈതന്യമുള്ള ഇടവകകളില്‍ കാണുന്ന പൊതു സ്വഭാവ സവിശേഷതകളെക്കുറിച്ച് വിവരിക്കുന്നത്. 'ഓപ്പണ്‍ വൈഡ് ഡോര്‍സ് ടു ക്രൈസ്റ്റ്: ഇ സ്റ്റഡി ഓഫ് കാത്തലിക് സോഷ്യല്‍ ഇന്നോവേഷന്‍ ഫോര്‍ പാരിഷ് വൈറ്റാലിറ്റി' എന്ന പേരിലാണ് റിപ്പോര്‍ട്ടുള്ളത്.
ശക്തമായ അല്‍മായ നേതൃത്വം, ദൈവവചനം, ആരാധന, സേവനനിരതമായ ഇടവക ജീവിതം എന്നിവയുടെ സന്തുലിതാവസ്ഥയുമാണ് മികച്ച ഇടവകകള്‍ പൊതുവായി പങ്കുവെക്കുന്ന സ്വഭാവ സവിശേഷതകള്‍. ചൈതന്യമുള്ള സജീവമായ ഇടവകകളില്‍ കാണപ്പെടുന്ന എട്ടു പൊതു സ്വഭാവസവിശേഷതകളെക്കുറിച്ച് ഗവേഷകരായ മാര്‍ട്ടി ജെവെല്ലും, മാര്‍ക്ക് മോഗില്‍ക്കായും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. പുതുമ, മികച്ച വൈദികര്‍, സജീവമായ നേതൃസംഘടനകള്‍, വിശുദ്ധി, ശ്രദ്ധേയമായ കാഴ്ചപ്പാടുകള്‍, ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കും പരിപാടികള്‍ക്കുമുള്ള മുന്‍ഗണന, ആത്മീയ വളര്‍ച്ചയുടേയും പക്വതയുടേയും പരിപോഷണം, സേവനത്തോടുള്ള അര്‍പ്പണമനോഭാവം, ഓണ്‍ലൈന്‍ സേവനങ്ങളുടെ ഉപയോഗം തുടങ്ങിയവയാണ് സവിശേഷതകള്‍.
ആകര്‍ഷകമായ വെബ്സൈറ്റ്, ആളുകളെ വിശുദ്ധ കുര്‍ബാനയിലേക്ക് സ്വാഗതം ചെയ്യുന്നതിന് പരിശീലനം ലഭിച്ച പ്രേഷിതര്‍, ആതിഥ്യത്തിലുള്ള ശ്രദ്ധ, പുതുതായി വരുന്നവരെ ശ്രദ്ധിക്കുവാനുള്ള ക്രമീകരണങ്ങള്‍ തുടങ്ങിയവയാണ് ചൈതന്യമുള്ള ഇടവകകളുടെ പ്രത്യേകകളെന്നും, നാല്‍പ്പതിനായിരത്തോളം വരുന്ന വനിതാ സ്റ്റാഫാണ് അമേരിക്കന്‍ ഇടവകകളുടെ നട്ടെല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലുടനീളമുള്ള അറുപത്തിയഞ്ചിലധികം അജപാലക നേതാക്കന്‍മാരുമായുള്ള അഭിമുഖം, വെബ്സൈറ്റുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയിലൂടെയാണ് റിപ്പോര്‍ട്ടിനു വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക