News
ക്രൈസ്തവ വംശഹത്യ നടക്കുന്നില്ലെന്നു നൈജീരിയന്‍ സര്‍ക്കാര്‍: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് 81 ക്രൈസ്തവർ
പ്രവാചക ശബ്ദം 12-06-2020 - Friday
അബൂജ: രാജ്യത്തുടനീളം ക്രൈസ്തവ വംശഹത്യ നടക്കുന്നുവെന്ന പ്രചാരണം ഊതിപ്പെരുപ്പിച്ചതാണെന്ന യുക്തിരഹിത ആരോപണവുമായി നൈജീരിയന്‍ സര്‍ക്കാര്‍. അമേരിക്കയിലേയും യൂറോപ്പിലേയും മാധ്യമങ്ങളേയും സര്‍ക്കാരേതര സന്നദ്ധ സംഘടനകളേയും ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തില്‍ വ്യാജപ്രചാരണം നടത്തുന്നതിന് ബിയാഫ്രയിലെ (ഐ.പി.ഒ.ബി) തദ്ദേശീയര്‍ വൻതുകയാണ് ഓരോ മാസവും ചിലവഴിക്കുന്നതെന്നു പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ വക്താവായ ഗര്‍ബാ ഷേഹു ആരോപിച്ചു. അതേസമയം ബോർണോ സംസ്ഥാനത്തെ ഫഡുമാ കൊളോംഡി ഗ്രാമത്തിൽ ബൊക്കോ ഹറാം തീവ്രവാദികളുടെ ആക്രമണത്തിൽ 81 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. 13 പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം. ഏതാണ്ട് ആറ് മണിക്കൂറോളം ആക്രമികൾ ഗ്രാമത്തിൽ ആക്രമം അഴിച്ചുവിട്ടു.
ഇത്തരത്തില്‍ സാഹചര്യം ദയനീയമാകുമ്പോഴും ക്രൈസ്തവ നരഹത്യയെ രാഷ്ട്രീയത്തിനായി നൈജീരിയന്‍ സര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. നിരപരാധികളായ ക്രൈസ്തവര്‍ കൊല്ലപ്പെടുമ്പോള്‍ അതിനെ മറ്റ് പലരുടേയും മേല്‍ ആരോപിച്ച് കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുള്ള തെളിവാണ് മുഹമ്മദ് ബുഹാരിയുടെ വക്താവായ ഗര്‍ബാ ഷേഹുവിന്റെ പ്രസ്താവന. സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായും, അന്താരാഷ്ട്ര തലത്തില്‍ നൈജീരിയയുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നതിനുമായി ക്രിസ്ത്യാനികളുടെ പ്രശ്നം ബിയാഫ്ര ഉപയോഗിക്കുകയാണെന്നാണ് ഷേഹു ആരോപിക്കുന്നത്.
എന്നാല്‍, ബോക്കോ ഹറാം പോലെയുള്ള ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ സമീപ വര്‍ഷങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍, സര്‍ക്കാര്‍ വാദം തെറ്റാണെന്ന് തെളിയിക്കുകയാണ്. 2020-ല്‍ മാത്രം ഫുലാനി ഗോത്രവര്‍ഗ്ഗക്കാരും, ബൊക്കോ ഹറാമും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഫ്രിക്കന്‍ വിഭാഗവും ചേര്‍ന്ന് അറുന്നൂറോളം ക്രിസ്ത്യാനികളെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. 2015 ജൂണിനും 2020 മാര്‍ച്ചിനും ഇടയില്‍ ഏതാണ്ട് ആയിരത്തിഅഞ്ഞൂറോളം ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ‘ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ എന്ന പൗരാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടെ നൈജീരിയയില്‍ ക്രൈസ്തവര്‍ നേരിടുന്ന അക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് നല്‍കിയതിന് ശേഷമാണ് നൈജീരിയന്‍ സര്‍ക്കാര്‍ ഇത്തരമൊരു പ്രസ്താവന പുറത്തുവിട്ടിരിക്കുന്നതെന്ന്‍ വ്യക്തമാക്കിക്കൊണ്ട് ഐ.പി.ഒ.ബിയും രംഗത്തെത്തി. ക്രിസ്ത്യന്‍ വംശഹത്യ തടയുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കഴിവുകേടില്‍ നിന്നും ശ്രദ്ധ മാറ്റുന്നതിനാണ് ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നതെന്നു ‘ജൂബിലി കാമ്പയിന്‍ യു.എസ്’ന്റെ പ്രസിഡന്റ് ആന്‍ ബുവാള്‍ഡ വ്യക്തമാക്കി. നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവ നരഹത്യയിൽ സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന ആരോപണം ആഗോളതലത്തിൽ തന്നെ ശക്തമാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക