India - 2025
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി കര്‍മ പദ്ധതിയുമായി ചാരിറ്റി വേള്‍ഡ് ട്രസ്റ്റ്
ദീപിക 17-06-2020 - Wednesday
ചങ്ങനാശേരി: കോവിഡ് പ്രതിസന്ധിയില്‍ വിഷമതകള്‍ അനുഭവിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി മൂന്നുവര്‍ഷത്തെ (2020-2023) പ്രത്യേക കര്‍മ പദ്ധതിയുമായി ചാരിറ്റി വേള്‍ഡ് ട്രസ്റ്റിന്റെ ജിമ്മി പടനിലം സെന്റര്‍ ഫോര്‍ സ്‌പെഷല്‍ നീഡ്‌സ്. ഇത്തരം കുടുംബങ്ങളുടെ സാമൂഹിക സാന്പത്തിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ സുസ്ഥിര വികസനം ലക്ഷ്യമാക്കി 20 ഇന കര്‍മ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ചീരഞ്ചിറ ജിമ്മി പടനിലം സെന്റര്‍ കേന്ദ്രമാക്കി നടപ്പാക്കുന്ന പദ്ധതി അന്താരാഷ്ട്ര ഓട്ടിസ്റ്റിക് പ്രൈഡ് ദിനമായ നാളെ ആരംഭിച്ച് അന്തരാഷ്ട്ര ഭിന്നശേഷി ദിനമായ 2023 ഡിസംബര്‍ മൂന്നിനു പൂര്‍ത്തിയാകും. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഭിന്നശേഷിക്കാരുടെ 1000 കുടുംബങ്ങളെ ഉള്‍പ്പെടുത്തി 'റെയിന്‍ബോ കെയര്‍' എന്ന പദ്ധതി ഇതിനകം തുടങ്ങി. റെയിന്‍ബോ കെയറില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളെയാണ് ആദ്യഘട്ടത്തില്‍ വിവിധ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കുമുള്ള ന്യുട്രീഷന്‍ കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കും. റെയിന്‍ബോ കെയറിലുള്ള കുടുംബങ്ങളില്പ്പെംട്ടവര്‍ക്ക് ഡയാലിസിസ് കിറ്റു നല്കുന്ന കരുതല്‍, കാന്‍സര്‍ രോഗികള്‍ക്ക് ഒറ്റത്തവണ ധനസഹായം നല്കുന്ന കാരുണ്യസ്പര്‍ശം, കിടപ്പുരോഗികള്‍ക്ക് പ്രതിമാസ സഹായ പദ്ധതിയായ തണല്‍, ഭിന്നശേഷിയുള്ളവരുടെ കുടുംബങ്ങളില്‍ പട്ടിണി ഒഴിവാക്കുക എന്ന ലക്ഷ്യവുമായി പട്ടിണിരഹിത ഭവനം തുടങ്ങിയ പദ്ധതികള്‍ ഓഗസ്റ്റ് ഒന്നിനു തുടങ്ങും.
ഭിന്നശേഷിക്കാരുടെ വീട്ടുപടിക്കല്‍ തെറാപ്പി സൗകര്യം എത്തിക്കുക എന്ന ലക്ഷ്യവുമായി മൊബൈല്‍ തെറാപ്പി യൂണിറ്റും ജിമ്മി പടനിലം സെന്ററില്‍ വിവിധ തെറാപ്പികളെ സമന്വയിപ്പിച്ച് ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് തെറാപ്പി സെന്ററും ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍ ഡെവലപ്‌മെന്റ് സെന്ററും തുടര്‍ന്നും പ്രവര്‍ത്തിക്കും. വീട്ടില്‍ ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായി എല്ലാ കുടുംബങ്ങളില്‍ നിന്നും ഒരാള്‍ക്ക് സമഗ്ര പരിശീലനം നല്കുന്ന 'വീട്ടില്‍ ഒരു ടീച്ചര്‍' എന്ന പദ്ധതി രണ്ടു വര്‍ഷം കൊണ്ടു മുഴുവന്‍ കുടുംബങ്ങളിലും നടപ്പാക്കും.
ഇത്തരം കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള ഭവന നിര്‍മാണ പദ്ധതിയായ നന്മവീട്, ജീവനംജൈവപച്ചക്കറി പ്രോത്സാഹന പദ്ധതി, ജെപിസി ഹെല്‍പ് ഡെസ്‌ക്, സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ജെപിസി കലാകേന്ദ്ര, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍, കൗണ്സിസലിംഗ് സെന്റര്‍, പാലിയേറ്റീവ് കെയര്‍, വരുമാനദായക കാര്‍ഷികചെറുകിട പ്രോത്സാഹന പദ്ധതി തുടങ്ങിയവ 2020 ഡിസംബറിന് മുന്പായി പൂര്‍ണ പ്രവര്‍ത്തന സജ്ജമാവും.
ഭിന്നശേഷി മേഖലയില്‍ ആദ്യമായി സന്പൂര്‍ണ യൂട്യൂബ് ചാനല്‍, ഓണ്‍ലൈന്‍ റേഡിയോ തുടങ്ങിയവയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രവര്‍ത്തന സജ്ജമാവും. മാനസിക ഭിന്നശേഷി മേഖലയിലെ അധ്യാപകര്‍, സാമൂഹികപ്രവര്‍ത്തകര്‍, ഗവേഷകര്‍, ഇതര വിദഗ്ധര്‍, തുടങ്ങിയവര്‍ക്ക് സഹായകമായി ജെപിസി സ്‌പെഷല്‍ നീഡ്‌സ് റിസേര്‍ച്ച് സെന്റര്‍, പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം തന്നെ തുടക്കം കുറിക്കും.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ഭിന്നശേഷി മേഖലയിലെ വിദഗ്ധര്‍, സ്‌പെഷല്‍ സ്‌കൂളുകളുടെ പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സഹകാരികള്‍, ഭിന്നശേഷിക്കുടുംബങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി കോര്‍കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി, അഡ്വൈസറി കൗണ്സില്‍, ജനറല്‍ ബോഡി തുടങ്ങിയവ രൂപീകരിച്ചിട്ടുണ്ട്. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോസ് നിലവന്തറ, ഡോ. ജോര്‍ജ് പടനിലം തുടങ്ങിയര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും, ഫോണ്‍: 9495587400, 9650524144.