India - 2025
'വന്യ മൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുന്നില്ലെങ്കില്‍ സമരത്തിലേക്കു നീങ്ങാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവും'
20-06-2020 - Saturday
താമരശേരി: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് കര്‍ഷകരെയും ആദിവാസികളെയും രക്ഷിക്കണമെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിനിരയാവുന്ന മനുഷ്യര്‍ക്കുവേണ്ടി പ്രത്യേക ഫണ്ട് ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സംരക്ഷണം ഉറപ്പാക്കുന്നില്ലെങ്കില്‍ സമരത്തിലേക്കു നീങ്ങാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രകൃതിയില്‍ മനുഷ്യനും മൃഗങ്ങള്‍ക്കും പരസ്പരം ഏറ്റുമുട്ടാതെ ജീവിക്കാന്‍ സാധിക്കണം. കാടിറങ്ങി ആക്രമിക്കുന്ന വന്യജീവികളെക്കാള്‍ വിലയുള്ളവരാണ് കര്‍ഷരും ആദിവാസിയും. കര്‍ഷകരെയും ആദിവാസികളെയും മറന്ന് വന്യമൃഗങ്ങള്ക്കുീവേണ്ടി മാത്രം മുറവിളി കൂട്ടുന്നവര്‍ മനുഷ്യജീവന്റെ മഹത്വമറിയാത്തവരാണ്. ഒരു ചെടിപോലും പ്രകൃതിയില്‍ സംരക്ഷിക്കാന്‍ കഴിയാത്ത കപട പരിസ്ഥിതിവാദികളുടെ മുറവിളി സാംസ്‌കാരിക കേരളത്തെ മലിനപ്പെടുത്തുന്നതാണ്.
പ്രകൃതിയെ വെല്ലുവിളിച്ച് കൂറ്റന്‍ കോണ്‍ക്രീറ്റ് സൗധങ്ങളില്‍ നഗരജീവിതത്തിന്റെ സര്‍വസുഖങ്ങളും അനുഭവിച്ച് ചുറ്റും മാലിന്യക്കൂമ്പാരങ്ങള്‍ നിര്‍മിക്കുന്ന കപട പരിസ്ഥിതിവാദികള്‍ നഗരത്തിലൂടെ മൂക്കുപൊത്താതെ നടക്കാന്‍ പോലും സാധാരണക്കാരനെ അനുവദിക്കുന്നില്ല. തന്റെ അധ്വാനം കൊണ്ട് ഭൂമിയില്‍ ഭക്ഷണം വിളയിക്കുന്ന കര്‍ഷകന്‍ പ്രകൃതിയെ വരദാനമായി മാത്രം കാണുന്നവനും പ്രകൃതിയുടെ സംരക്ഷകനുമാണ്.
കാട്ടിനുള്ളില്‍ കാട്ടുമൃഗങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത വനപാലകര്‍ സ്വന്തം കഴിവുകേട് മറയ്ക്കാന്‍ പാവം കര്‍ഷകരെ വേട്ടയാടുകയാണ്. കാടിറങ്ങുന്ന വന്യജീവികളും കപടപരിസ്ഥിതിവാദികളും സമൂഹമാധ്യമങ്ങളിലെ കൂലിയെഴുത്തുകാരും കര്‍ഷകനെ ദ്രോഹിക്കുമ്പോള്‍ ക്രിയാത്മക ഇടപെടലിലൂടെ സര്‍ക്കാര്‍ പാവപ്പെട്ടവന്റെ കൂടെ നില്‍ക്കണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.
കാട്ടുമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നിരന്തരം നശിപ്പിക്കുമ്പോള്‍ പുരുഷായുസിന്റെ മുഴുവന്‍ അധ്വാനം പാഴായിപ്പോകുന്ന കര്‍ഷകരുടെ വേദന കാണാതെ പോകരുത്. ഉടല്‍ മുഴുവന്‍ കടുവ ഭക്ഷിച്ച ശിവകുമാറിന്റെ ഭൗതികദേഹാവശിഷ്ടം കേരളമനഃസാക്ഷിയിലേറ്റ ഉണങ്ങാത്ത മുറിവാണ്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ മുഴുവന്‍ ആളുകളുടെയും കുടുംബാംഗങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കണം.
നശിപ്പിക്കപ്പെടുന്ന കാര്‍ഷിക വിളകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം. എറിഞ്ഞുകൊടുക്കുന്ന ചില്ലിക്കാശോ പ്രസ്താവനങ്ങളിലെ ധാരാളിത്തമോ അല്ല, സത്യസന്ധമായ ഇടപെടലുകളാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാറിന്റെ ദാരുണമരണത്തില്‍ മാര്‍ ഇഞ്ചനാനിയില്‍ അഗാധമായ ദുഃഖം അറിയിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക