News - 2025
ഉത്തര കൊറിയയെ ഫാത്തിമ മാതാവിന് സമർപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍
പ്രവാചക ശബ്ദം 30-06-2020 - Tuesday
സിയോള്‍: ഉത്തര കൊറിയയിലെ ഏക രൂപതയായ പ്യോംഗ്യാങ്ങിനെ ഫാത്തിമ മാതാവിന് സമർപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയയിലെ സിയോള്‍ ആര്‍ച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ കർദ്ദിനാൾ ആന്‍ഡ്രൂ യെം സൂ ജങ്. കൊറിയൻ യുദ്ധം ആരംഭിച്ചതിന്റെ എഴുപതാം വാർഷികമായ ജൂൺ 25നു മിയോങ്‌ഡോംഗ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‍കുന്നതിനിടെയാണ് അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും ശക്തമായ മതപീഡനം നടക്കുന്ന രാജ്യങ്ങളില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് തുടരുന്ന രാജ്യമാണ് ഉത്തര കൊറിയ. രാജ്യത്തിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പദവി വഹിക്കുന്നതു ദക്ഷിണ കൊറിയ കേന്ദ്രീകരിച്ച് കർദ്ദിനാൾ ആന്‍ഡ്രൂ യെമ്മാണ്.
മെക്സിക്കോ, ഫിലിപ്പീൻസ്, എൽ സാൽവഡോർ, തിമോർ തുടങ്ങിയ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന അംബാസഡർമാരും അൽമായ വിശ്വാസികളും, വൈദികരും കൊറോണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തന്നെ ദേവാലയത്തിൽ എത്തിയിരിന്നു. വചന സന്ദേശം നൽകുന്നതിനിടയിൽ കർദ്ദിനാൾ സൂ വികാരാധീനനായി. യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ച ഇരുരാജ്യങ്ങളുടെയും പൗരന്മാരെയും, ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെയും അദ്ദേഹം സ്മരിച്ചു. 1950 ജൂൺ 25നു, ഉത്തര കൊറിയ ദക്ഷിണ കൊറിയയിൽ കടന്നാക്രമണം നടത്തിയതോടെയാണ് കൊറിയൻ യുദ്ധം ആരംഭിക്കുന്നത്.
കർത്താവ് തരുന്ന സമാധാനത്തിൽ ശരണംവെച്ചു പഴയ ഓർമ്മകൾ മറന്ന്, ഒത്തൊരുമയോടെ, ഇരു കൊറിയകളിലെയും ജനങ്ങൾ ജീവിക്കുന്ന നാളിനുവേണ്ടിയുള്ള പരിശ്രമങ്ങൾ നടത്താമെന്ന് അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ആത്മീയ ഉണർവ്വ് കൈവരിച്ച് കൊറിയൻ ഉപദ്വീപിൽ സുവിശേഷവത്കരണം ശക്തമാക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വർഷത്തെ പ്ലീനറി അസംബ്ലിയിൽ രൂപതാ തലത്തിൽ കൊറിയൻ യുദ്ധം ആരംഭിച്ചതിന്റെ എഴുപതാം വാർഷികം ആചരിക്കാൻ രാജ്യത്തെ മെത്രാൻ സമിതി തീരുമാനമെടുത്തിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക