India - 2025
കോവിഡ് കാലത്ത് മരണമടഞ്ഞവര്‍ക്കായി ചങ്ങനാശ്ശേരി അതിരൂപത വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു
15-08-2020 - Saturday
ചങ്ങനാശേരി: കോവിഡ് കാലമായ മാര്‍ച്ച് മുതല്‍ ഇതുവരെ മരണമടഞ്ഞ വൈദികരെയും സന്യസ്തരെയും അല്മായരെയും അനുസ്മരിച്ച് ചങ്ങനാശേരി അതിരൂപതയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. കോവിഡുപോലുള്ള പ്രതിസന്ധിയില്‍ തളരാതെ ദൈവത്തിലാശ്രയിച്ച് മുന്നേറണമെന്ന് ആര്‍ച്ച് ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.
കോവിഡ് ബാധിതരായി മരിച്ചവര്‍, സഭാപരമായ മൃതസംസ്‌കാര ശുശ്രൂഷകള്‍ ലഭിക്കാത്തവര്‍, മരണമടഞ്ഞ പ്രിയപ്പെട്ടവരെ കാണുവാന്‍ സാധിക്കാത്തവര്‍, മാനസിക പിരിമുറുക്കം സഹിക്കാനാവാതെ മരണപ്പെട്ടവര്‍ തുടങ്ങിയ എല്ലാവരെയും കുര്‍ബാനയില്‍ അനുസ്മരിച്ചു.
പ്രളയദുരിതങ്ങളില്‍നിന്നു രക്ഷ നേടുന്നതിനും കൃഷിയിടങ്ങളുടെയും വിളവുകളുടെയും സംരക്ഷണത്തിനും വിശുദ്ധകുര്‍ബാനയില്‍ നിയോഗമുണ്ടായിരുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടിയും പ്രാര്‍ത്ഥന നടത്തി.
മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി സ്മാരകമായി അതിരൂപതയുടെ മുഖപത്രമായ മധ്യസ്ഥന്‍ തയാറാക്കിയ സ്മരണിക മാര്‍ ജോസഫ് പെരുന്തോട്ടം വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കലിനു കൈമാറി പ്രകാശനം ചെയ്തു. മാര്‍ ആന്റണി പടിയറ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി നിയമിതനായതിന്റെ സ്മരണാര്‍ഥം എഎസ്എംഐ കോണ്‍ഗ്രിഗേഷന്‍ തയാറാക്കിയ ദൈവകൃപയുടെ തീര്‍ഥാടനം എന്ന പുസ്തകത്തിന്റെ പ്രകാശനവും മാര്‍ പെരുന്തോട്ടം സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിനു നല്‍കി നിര്‍വഹിച്ചു.
1970 ഓഗസ്റ്റ് 15 നാണ് മാര്‍ ആന്റണി പടിയറ അതിരൂപതയുടെ ആര്‍ച്ച്ബിഷപായി നിയമിതനായത്. വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. മെത്രാപ്പോലീത്തന്‍പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറന്പില്‍ സഹകാര്‍മികനായിരുന്നു.