India - 2025
കാഞ്ഞിരപ്പള്ളി എസ്എംവൈഎം അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
28-08-2020 - Friday
കാഞ്ഞിരപ്പള്ളി: പിഎസ്‌സി റാങ്ക് ലിസ്റ്റ് അവഗണിച്ചുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, സിവില്‍ പോലീസ് റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കാഞ്ഞിരപ്പള്ളി എസ്എംവൈഎം രൂപത സമിതിയുടെ നേതൃത്വത്തില്‍ ജൂലൈ 21ന് ആരംഭിച്ച റിലേ ഉപവാസസമരം 37 ദിവസം പിന്നിട്ടു. യുവജനങ്ങളുടെ പിന്തുണ ലഭിച്ചിട്ടും സമരത്തിനു നേര്‍ക്കു കണ്ണടയ്ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. നിരാഹാര സത്യഗ്രഹം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് ആല്‍ബിന്‍ തടത്തേലാണു നിരാഹാര സത്യഗ്രഹം തുടങ്ങിയത്. സര്‍ക്കാര്‍ അനുകൂലമായ നിലപാടെടുക്കുംവരെ നിരാഹാരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ക്കു കത്തയച്ചു. റാങ്ക് ലിസ്റ്റ് വിവാദത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ക്ക് എസ്എംവൈഎം ആയിരം ഇമെയിലുകള്‍ അയച്ചിരുന്നു. പിഎസ്സി ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ വിധി വരുംവരെ പൊതുജനാഭിപ്രായം നിലനിര്‍ത്താനാണ് സമരം ലക്ഷ്യമിടുന്നത്.