India - 2025
മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മൃതസംസ്കാരം ഇന്ന്
പ്രവാചക ശബ്ദം 08-09-2020 - Tuesday
താമരശേരി: താമരശേരി, കല്യാണ്‍ രൂപതകളുടെ മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്ന് രാവിലെ 11ന് താമരശേരി മേരിമാതാ കത്തീഡ്രലില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരണ സന്ദേശം നല്‍കും. തുടര്‍ന്ന് സമാപന ശുശ്രൂഷയ്ക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിക്കും.
ഇന്നലെ രാവിലെ എട്ടരയ്ക്ക് താമരശേരി ബിഷപ്‌സ് ഹൗസില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കു ശേഷം താമരശേരി മേരിമാതാ കത്തീഡ്രലില്‍ മാര്‍ ചിറ്റിലപ്പള്ളിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ കത്തീഡ്രലിലെത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പേര് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയവരെ പള്ളിയിലേക്കു കടത്തിവിട്ടത്.
തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട്, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, പാലക്കാട് രൂപതാ സഹായമെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍തോമ്മാ സഭ കുന്നംകുളം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീത്തോസ് എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തി.
എം.കെ. രാഘവന്‍ എംപി, കാരാട്ട് റസാഖ് എംഎല്‍എ, എ.പി.അനില്‍ കുമാര്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെ.സി. റോസക്കുട്ടി, വി. എം. ഉമ്മര്‍, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍, ശാലോം ടിവി ഡയറടര്‍ ഷെവലിയര്‍ ബെന്നി പുന്നത്തറ എന്നിവരും ആദരാജ്ഞ്ജലികള്‍ അര്‍പ്പിച്ചു.