Arts

യേശു പത്രോസിനു അധികാരങ്ങള്‍ കൈമാറിയതെന്ന് കരുതപ്പെടുന്ന സ്ഥലത്ത് പുരാതന ദേവാലയ അവശേഷിപ്പുകള്‍ കണ്ടെത്തി

പ്രവാചക ശബ്ദം 30-10-2020 - Friday

ജെറുസലേം: “ഞാന്‍ നിന്നോടു പറയുന്നു, നീ പത്രോസാണ്‌; നീയാകുന്ന പാറമേല്‍ ഞാന്‍ എന്റെ സഭ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും” (മത്തായി 16:18) എന്ന് യേശു തന്റെ പ്രഥമ ശിഷ്യനായ പത്രോസിനോട് പറഞ്ഞതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് പുരാതന ക്രിസ്ത്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ ഇസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വടക്കന്‍ ഇസ്രായേലില്‍ ഗ്രീക്ക് ദേവന്റെ നാമവുമായി ബന്ധപ്പെട്ട ‘ബാനിയാസ് നാച്ചുര്‍ റിസര്‍വ്’ പാര്‍ക്കിലാണ് നാലാം നൂറ്റാണ്ടിലേതെന്ന്‍ കരുതപ്പെടുന്ന ഈ ബൈസന്റൈന്‍ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഹായിഫാ സര്‍വ്വകലാശാലയുടെ സഹകരണത്തോടെ നടത്തിയ ഉദ്ഘനനത്തിലായിരുന്നു ചരിത്രപ്രധാനമായ കണ്ടെത്തല്‍. ഹായിഫ സര്‍വ്വകലാശാല പ്രൊഫസറായ അദി എല്‍റിച്ച് കണ്ടെത്തലിനെക്കുറിച്ച് വിവരിക്കുന്ന ഹീബ്രു ഭാഷയിലുള്ള വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

റോമന്‍ കാലഘട്ടത്തിലെ ഒരു ക്ഷേത്രത്തിന്റെ മുകളിലായിട്ടാണ് ഈ ദേവാലയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഐതിഹാസിക റോമന്‍ വാസ്തുകലയില്‍ പണികഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം ‘പാന്‍’ എന്ന ഗ്രീക്ക് ദേവന് സമര്‍പ്പിക്കപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഒത്ത നടുക്കായി ഒരു ചെറിയ കുളവുമുണ്ട്. ദേവാലയത്തിന്റെ മൊസൈക്ക് തറയെ അലങ്കരിച്ചിരുന്ന ചെറിയ കുരിശുകളും, ഒരു വലിയ ശിലാപാളിയുമാണ്‌ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടുള്ള പ്രധാന കണ്ടെത്തല്‍. 6, 7 നൂറ്റാണ്ടുകളില്‍ ഇവിടം സന്ദര്‍ശിച്ച തീര്‍ത്ഥാടകര്‍ കോറിയിട്ട “ഞാന്‍ ഇവിടെ ഉണ്ടായിരുന്നു” എന്ന് കരുതപ്പെടുന്ന ആലേഖനവും ഈ ശിലയില്‍ കാണാം. നാലോ അഞ്ചോ നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ വിജാതീയ ക്ഷേത്രം ക്രൈസ്തവ വിശ്വാസത്തിന്റെ ആരാധനാവശ്യങ്ങള്‍ക്കായി കൂട്ടിച്ചേര്‍ത്തതാകാമെന്നാണ് പ്രൊ. എല്‍റിച്ചിന്റെ അനുമാനം. ഇസ്രായേലിലെ ഏറ്റവും പുരാതന ദേവാലയങ്ങളിലൊന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ക്ഷേത്രത്തില്‍ 'പാന്‍' ദേവന്റെ വിഗ്രഹമിരുന്ന സ്ഥലം ദേവാലത്തിന്റെ പ്രധാനഭാഗമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കാമെന്നും കരുതപ്പെടുന്നു. ബി.സി 20-ല്‍ നിര്‍മ്മിക്കപ്പെട്ടതായി അനുമാനിക്കുന്ന ക്ഷേത്രവും പരിസരവും എ.ഡി 320 ആയപ്പോഴേക്കും ഒരു പ്രധാന ക്രിസ്ത്യന്‍ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. വിശുദ്ധ പത്രോസ് യേശുവിനെ രക്ഷകനായി അംഗീകരിച്ച ഈ സ്ഥലം ‘കേസറിയ ഓഫ് ഫിലിപ്പ്’ എന്നാണ് പുരാതനകാലത്ത്‌ അറിയപ്പെട്ടിരുന്നത്. ബാനിയാസ് നാച്ചുര്‍ റിസര്‍വ് പാര്‍ക്കില്‍ റോമന്‍ കാലഘട്ടം മുതല്‍ കുരിശുയുദ്ധ കാലഘട്ടം വരെയുള്ള പുരാവസ്തുശേഖരമുമുണ്ടെന്നു ഇസ്രായേലി നാച്ചുര്‍ ആന്‍ഡ്‌ പാര്‍ക്ക് അതോറിറ്റിയുടെ ഹെറിറ്റേജ് ആന്‍ഡ്‌ പുരാവസ്തുവിഭാഗം തലവനായ ഇയോസി ബോര്‍ഡോവിക്സ് പറഞ്ഞു. കൊറോണക്ക് ശേഷം ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്കായി ഈ സ്ഥലം തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 21