News - 2025
മലയാളി വൈദികന്‍ ഫാ. ഇഗ്നേഷ്യസ് കുന്നുംപുറം പൊന്തിഫിക്കല്‍ ദൈവശാസ്ത്ര ഫാക്കല്‍റ്റിയുടെ ജനറല്‍ സെക്രട്ടറി
12-11-2020 - Thursday
വത്തിക്കാന്‍ സിറ്റി: റോമിലെ തെരേസിയാനും പൊന്തിഫിക്കല്‍ ദൈവശാസ്ത്ര ഫാക്കല്‍റ്റിയുടെയും ആത്മീയ വിദ്യാപീഠത്തിന്‍റെയും സെക്രട്ടറി ജനറലായി മലയാളി വൈദികന്‍ ഫാ. ഇഗ്നേഷ്യസ് കുന്നുംപുറം ഓ.സി.ഡി നിയമിതനായി. തെരേസിയാനും ദൈവശാസ്ത്ര ആത്മീയ സ്ഥാപനങ്ങളുടെ അക്കാഡമിക് കൗണ്‍സിലിന്‍റെ തിരഞ്ഞെടുപ്പ് ആഗോള കര്‍മ്മലീത്ത സഭയുടെ സുപ്പീരിയര്‍ ജനറലും ഫാക്കല്‍റ്റിയുടെ ഗ്രാന്‍റ് കൗണ്‍സിലറുമായ ഫാ. സേവ്യര്‍ കനീസ്ട്രോ അംഗീകരിച്ചതോടെയാണ് നവംബര്‍ 5ന് നിയമനം നടന്നത്. ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് ബിരുദധാരിയായ ഫാ. ഇഗ്നേഷ്യസ് കുന്നുംപുറം കര്‍മ്മലീത്ത സന്ന്യാസ സമൂഹത്തിന്‍റെ കേരളത്തിലെ മലബാര്‍ പ്രോവിന്‍സ് അംഗവും തൊടുപുഴ നെയ്യാശ്ശേരി സ്വദേശിയുമാണ്.
ഗ്രീക്ക്, സുറിയാനി, ലാറ്റിന്‍, ഹീബ്രൂ, അറമായ, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പാണ്ഡിത്യമുള്ള ഫാ. ഇഗ്നേഷ്യസ് കുന്നുംപുറം ഭാരതത്തിലെ വിവിധ ദൈവശാസ്ത്ര കേന്ദ്രങ്ങളിലും സെമിനാരികളിലും അധ്യാപകനാണ്. കേരളം കേന്ദ്രീകരിച്ചുള്ള അല്‍മായ യുവപ്രസ്ഥാനമായ 'ജീസസ് യൂത്ത്'മായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാ. ഇഗ്നേഷ്യസ് മലയാളം, ഇംഗ്ലിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ യുവജനങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കും സന്ന്യസ്തര്‍ക്കുമായി ധ്യാനങ്ങള്‍ക്കും നേതൃത്വം നല്കിയിട്ടുണ്ട്. തെരേസിയാനും പൊന്തിഫിക്കല്‍ ഫാക്കല്‍റ്റിയുടെ ബൈബിള്‍ വിജ്ഞാനീയ വിഭാഗത്തില്‍ അധ്യാപകനായി പ്രവര്‍ത്തിക്കവേയാണ് സെക്രട്ടറി ജനറലായുള്ള നിയമനമുണ്ടായത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക