News - 2025

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബൈബിളും വത്തിക്കാന്റെ അമൂല്യ ശേഖരങ്ങളും ലക്ഷ്യമിട്ട് ഹാക്കർമാർ

പ്രവാചക ശബ്ദം 10-11-2020 - Tuesday

റോം: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബൈബിളിന്റെയും വത്തിക്കാന്റെ അമൂല്യ ശേഖരങ്ങളുടെയും ഡിജിറ്റൽ കോപ്പികളെ ഹാക്കർമാർ ലക്ഷ്യംവെയ്ക്കുന്നതായി റിപ്പോർട്ട്. അപ്പസ്തോലിക് ലൈബ്രറിയുടെ ഭാഗമായുള്ള ബൈബിൾ ശേഖരങ്ങളും അമൂല്യ പ്രതികളും ഹാക്കർമാർ ലക്ഷ്യംവെച്ചിട്ടുണ്ടെന്ന് ഒബ്സർവർ എന്ന മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് ശക്തമായ സുരക്ഷാ മുൻകരുതലുകൾ വത്തിക്കാൻ സ്വീകരിച്ചുവരികയാണ്. വത്തിക്കാൻ ശേഖരങ്ങൾ 2012 ഡിജിറ്റൽവൽക്കരിക്കാൻ തുടങ്ങിയതിൽപ്പിന്നെ നൂറോളം ഭീഷണികളാണ് ഒരു മാസം ലഭിക്കുന്നതെന്ന് അപ്പസ്തോലിക് ലൈബ്രറിയുടെ ചീഫ് ഇൻഫർമേഷൻ ഓഫീസർ പദവി വഹിക്കുന്ന മാൻലിയോ മിസേലി വെളിപ്പെടുത്തി.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബൈബിൾ കയ്യെഴുത്ത് പ്രതിയായ കോഡസ് വത്തിക്കാനസ് ഉൾപ്പെടെ എൺപതിനായിരത്തോളം അമൂല്യ ശേഖരങ്ങളാണ് 1451ൽ തുടക്കം കുറിച്ച അപ്പസ്തോലിക് ലൈബ്രറിയിലുള്ളത്. നാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ടുവെന്ന് കരുതപ്പെടുന്ന കോഡസ് വത്തിക്കാനസ് പതിനഞ്ചാം നൂറ്റാണ്ടുമുതൽ അപ്പസ്തോലിക് ലൈബ്രറിയുടെ അമൂല്യ സൂക്ഷിപ്പുകളുടെ ഭാഗമാണ്. സാദ്രോ ബോട്ടിസെല്ലി എന്ന കലാകാരന്റെ ഡിവൈൻ കോമഡി എന്ന പ്രശസ്ത കവിതയുടെ ചിത്രീകരണവും, വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെൻട്രി എട്ടാമൻ മാർപാപ്പയ്ക്ക് നൽകിയ നിവേദനവും ഇതിൽ ഉൾപ്പെടുന്നു. അപ്പസ്തോലിക് ലൈബ്രറിയിലെ നാലു കോടി 10 ലക്ഷം പേജുകളിൽ 25% ഡിജിറ്റൽവൽക്കരിച്ചിട്ടുണ്ട്.

ഹാക്കർമാർ നടത്തുന്ന സൈബർ ആക്രമണങ്ങളിൽ ഏതെങ്കിലും വിജയിച്ചാൽ പുസ്തക ശേഖരങ്ങളുടെ ഡിജിറ്റൽ കോപ്പികൾ മോഷണം പോകാനോ, നശിപ്പിക്കപ്പെടാനോ സാധ്യതയുണ്ടെന്ന് മാൻലിയോ മിസേലി വിശദീകരിച്ചു. സൈബർ ആക്രമണങ്ങൾ തടയുന്നതിൽ വിദഗ്ധരായ ഡാർക്ക്ട്രൈസ് എന്ന കമ്പനിയെയാണ് അപ്പസ്തോലിക് ലൈബ്രറിയുടെ ഡിജിറ്റൽ ശേഖരങ്ങളുടെ സുരക്ഷാ ചുമതല വത്തിക്കാൻ ഇപ്പോൾ ഏൽപ്പിച്ചിരിക്കുന്നത്. അമേരിക്കയുടേയും, ബ്രിട്ടന്റെയും മുൻ രഹസ്യാന്വേഷണ വിഭാഗം തലവൻമാരുടെ പിന്തുണയോട് കൂടിയാണ് 2013ൽ ഡാർക്ക്ട്രൈസ് സ്ഥാപിതമാകുന്നത്. ഡിജിറ്റൽ ശേഖരങ്ങൾക്കു വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ടിട്ടില്ല.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 598