News - 2025
തീവ്രവാദികളുടെ തടവില്‍ നിന്ന് മോചിതനായ വൈദികന്റെ കരം ചുംബിച്ച് സ്വീകരിച്ച് പാപ്പ
പ്രവാചക ശബ്ദം 10-11-2020 - Tuesday
വത്തിക്കാന്‍ സിറ്റി: നീണ്ട രണ്ടുവര്‍ഷക്കാലം നൈജറിലും, മാലിയിലുമായി ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ മാസം മോചിതനായ ഇറ്റാലിയന്‍ മിഷ്ണറി വൈദികന്‍ ഫാ. പിയര്‍ ലൂയിജി മക്കാല്ലിയുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി. ഇന്നലെ തിങ്കളാഴ്ച വത്തിക്കാനില്‍വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. പാപ്പ അഭിവാന്ദ്യം ചെയ്തപ്പോള്‍ തന്റെ കരം പിടിച്ച് ചുംബിക്കുക കൂടി ചെയ്തുവെന്ന് ഫാ. മക്കാല്ലി വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. താന്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും രണ്ടു വര്‍ഷത്തിലധികം കാലം താന്‍ ഒഴുക്കിയ കണ്ണുനീരായിരുന്നു തന്റെ ഭക്ഷണവും പ്രാര്‍ത്ഥനയുമെന്നും ഫാ. മക്കാല്ലി പറയുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികം കാലം ഒരു വൈദികനോ മിഷ്ണറിയോ ഇല്ലാതെ കഴിഞ്ഞ തന്റെ ഇടവകയേയും, തന്റെ ജീവിതത്തേയും പാപ്പയുടെ പ്രാര്‍ത്ഥനയ്ക്കു സമര്‍പ്പിച്ചുകൊണ്ട് ജീവിച്ചതിനെക്കുറിച്ച് പാപ്പയോട് വിവരിക്കുവാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൈജറിലെ കത്തോലിക്ക സഭയെ തന്റെ പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കണമെന്ന് പാപ്പയോട് അപേക്ഷിച്ചതായും തന്റെ അഭ്യര്‍ത്ഥന വളരെ ശ്രദ്ധാപൂര്‍വ്വം പാപ്പ കേട്ടതായും അദ്ദേഹം വത്തിക്കാന്‍ ന്യൂസിനോട് വെളിപ്പെടുത്തി. തന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചതിന് ഫാ. മക്കാല്ലി ഫ്രാന്‍സിസ് പാപ്പയെ നന്ദി അറിയിച്ചു.
2018 സെപ്റ്റംബര്‍ 17നാണ് ‘സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ്’ അംഗമായ ഫാ. മക്കാല്ലിയെ സൗത്ത് - വെസ്റ്റ് നൈജറിലെ തന്റെ ഇടവകയില്‍ നിന്നും അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട ഇസ്ലാമിക ജിഹാദികള്‍ കടത്തിക്കൊണ്ടുപോയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 8നു അദ്ദേഹവും ഇറ്റലി സ്വദേശി തന്നെയായ നിക്കോള ചിയാസ്സിയോയും ഉള്‍പ്പെടെ നാലുപേര്‍ വടക്കന്‍ മാലിയില്‍ നിന്നും മോചിപ്പിക്കപ്പെടുകയായിരിന്നു. ഫാ. മക്കാല്ലി തന്റെ സ്വദേശമായ ഇറ്റലിയിലെ ക്രീമായിലെ സഹോദരിയുടെ അടുത്തും സന്ദര്‍ശനം നടത്തി. സമാധാനത്തിനും സാഹോദര്യത്തിനും സഹനത്തിനും സാക്ഷ്യം വഹിക്കണമെന്ന് തന്നെയാണ് ഒരു മിഷ്ണറി എന്ന നിലയില്‍ ഇപ്പോഴും തന്റെ ആഗ്രഹമെന്നു ഫാ. മക്കാല്ലി പിന്നീട് വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക