News - 2025

മതനിന്ദ: പാക്കിസ്ഥാനില്‍ പട്ടാപ്പകല്‍ ക്രൈസ്തവ കുടുംബത്തെ അതിദാരുണമായി കൊലപ്പെടുത്തി

പ്രവാചക ശബ്ദം 12-11-2020 - Thursday

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ അമ്മയേയും അവരുടെ മകനേയും പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കേ കൊലപ്പെടുത്തി. ഗുജ്രന്‍വാലാ ജില്ലയിലെ അഹമദ് നഗറിലെ കാത്തോര്‍ ഗ്രാമവാസിയായ യാസ്മീന്‍ മസി എന്ന സ്ത്രീയേയും, അവരുടെ മകനായ ഉസ്മാന്‍ മസിയേയുമാണ് അയല്‍ക്കാരനായ ഹുസൈന്‍ ഷാക്കൂറിന്റെ നേതൃത്വത്തിലുള്ള ഏതാനും പേര്‍ ചേര്‍ന്നു അതിദാരുണമായി കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഹുസൈന്‍ ഷാക്കൂറിന്റെ അമ്മയായ ഇത്രത്ത് ബീബിയുമായി മാസങ്ങള്‍ക്ക് മുന്‍പുണ്ടായ മതപരമായ വാഗ്വാദത്തിന്റെ പേരിലാണ് കൊലപാതകമെന്നു യാസ്മീന്റെ ഭര്‍ത്താവായ ഷാബ്ബിര്‍ മസി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മതനിന്ദ നിഷേധിച്ച പോലീസ് വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പറയുന്നത്. യാസ്മീന് നേരെയാണ് ഹുസൈന്‍ ആദ്യം വെടിയുതിര്‍ത്തത്. അതിനുശേഷം അമ്മയുടെ സഹായത്തിനെത്തിയ മകന്റെ നെഞ്ചില്‍ വെടിവെയ്ക്കുകയായിരിന്നു. അമ്മ മരിച്ച് മിനിട്ടുകള്‍ക്ക് ശേഷമായിരുന്നു മകന്റെ മരണം. നിരവധിപേര്‍ ഈ നിഷ്ഠൂര കൊലപാതകത്തിന് സാക്ഷ്യം വഹിച്ചുവെങ്കിലും കൊലപാതകം തടയുവാനോ വെടിയേറ്റവരുടെ സഹായത്തിനായോ ആരും തന്നെ മുന്നോട്ട് വന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തന്റെ ഭാര്യയുടെ കയ്യില്‍ മുറുകെപ്പിടിച്ചു കൊണ്ട് മരിക്കുന്ന ഉസ്മാന്റെ ഹൃദയഭേദകമായ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമം ആഗോളതലത്തില്‍ തന്നെ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് മതനിന്ദയുടെ പേരില്‍ പുതിയ കൊലപാതകങ്ങള്‍. തങ്ങളുടെ വ്യക്തിവൈരാഗ്യം തീര്‍ക്കുവാന്‍ തീവ്ര നിലപാടുള്ള മുസ്ലീങ്ങള്‍ ഈ നിയമം ഒരുപകരണമാക്കി മാറ്റുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി. ഇതിനു മുന്‍പും മതനിന്ദയുടെ പേരില്‍ പാക്കിസ്ഥാനില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിനു ചേരാത്തത് എന്ന രീതിയിലാണ് പാക്കിസ്ഥാനിലെ മതനിന്ദാനിയമത്തെ ലോകം നോക്കിക്കാണുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 599