India
'ജീവന്റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നത് മഹത്തരം'
പ്രവാചക ശബ്ദം 21-11-2020 - Saturday
കൊച്ചി : ജീവന്റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നത് മഹത്തരമാണെന്ന് സിറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എംഎസ്എംഐ മാനന്തവാടി പ്രോവിന്‍സ് തയാറാക്കിയ അതിഥി എന്ന ഹ്രസ്വചിത്രത്തിന്റെ ഓണ്‍ലൈന്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ ജീവന്റെ തുടിപ്പുകള്‍ ആദരിക്കപ്പെടേണ്ടതാണെന്നു കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. ജീവന്റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന പരിശ്രമങ്ങള്‍ എന്നും വിലമതിക്കപ്പെടേണ്ടതാണ്. അതിഥി എന്ന ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്ക് ജീവന്റെ മൂല്യത്തെക്കുറിച്ചുള്ള സന്ദേശം വ്യക്തമാക്കി കൊടുക്കുവാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിഎഫ്സി ഡയറക്ടര്‍ ഫാ. റോയ് കണ്ണന്‍ചിറ സിഎംഐ, സീറോമലബാര്‍ മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി എന്നിവര്‍ പങ്കെടുത്തു. സീറോമലബാര്‍ പ്രൊലൈഫ് പ്രസിഡന്റ് സാബു ജോസ്, മലബാര്‍ മേഖലാ പ്രസിഡന്റ് സാലു ഏബ്രഹാം, എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഫിന്‍സി, എംഎസ്എംഐ ക്രിസ്തു ജ്യോതി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോസി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.