News - 2025
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ സായുധ സംഘത്തിന്റെ ക്രൂര ആക്രമണം
പ്രവാചക ശബ്ദം 26-11-2020 - Thursday
റായ്പൂർ: മധ്യേന്ത്യന്‍ സംസ്ഥാനമായ ഛത്തീസ്ഗഡില്‍ ക്രിസ്തുമസ് ഒരുക്കമായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന ക്രൈസ്തവര്‍ക്ക് നേരെ തീവ്രഹിന്ദുത്വവാദികളെന്ന് കരുതപ്പെടുന്ന സായുധ സംഘം ക്രൂരമായ ആക്രമണം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റ ആക്രമണത്തില്‍ ചിലര്‍ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയാതിരിക്കുവാന്‍ വേണ്ടി സംഭവസ്ഥലം സന്ദര്‍ശിക്കുന്നത് വിലക്കിയിരിക്കുകയാണെന്ന്‍ ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തെക്കുറിച്ച് സംസാരിക്കുവാന്‍ പോലീസ് വിസമ്മതിക്കുന്നത് ഭരണകൂട ഒത്താശയോടെയാണോ ആക്രമണം നടന്നതെന്ന സംശയം ബലപ്പെടുത്തുകയാണ്.
സംസ്ഥാനത്തെ സിന്ധ്വാരം ഗ്രാമത്തില്‍ നവംബര്‍ 25ന് പുലര്‍ച്ചെ 2 മണിക്ക് നടന്ന ആക്രമണം നേരം പുലരുവോളം നീണ്ടു. ക്രിസ്തുമസിന്റെ മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതിന്റെ ക്ഷീണത്തില്‍ ഉറങ്ങിക്കൊണ്ടിരുന്ന ക്രിസ്ത്യന്‍ കൂട്ടായ്മയ്ക്കു നേരെ മദ്യപിച്ച് ആയുധവുമായെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. മുന്‍കൂട്ടി തീരുമാനിച്ച് നടപ്പിലാക്കിയ ആക്രമണമാണിതെന്നാണ് ഛത്തീസ്ഗഡ് ‘ക്രിസ്ത്യന്‍ ഫോറ’ത്തിന്റെ പ്രസിഡന്റായ അരുണ്‍ പന്നാലാല്‍ പറയുന്നത്. ഗ്രാമത്തിന് പുറത്തുനിന്നുള്ള വിശ്വാസികളും ക്രിസ്ത്യന്‍ കൂട്ടായ്മയിലുണ്ടായിരുന്നു. സംഭവസ്ഥലത്തിന്റെ ഫോട്ടോയോ, വീഡിയോയോ എടുക്കുന്നത് തടയുവാന്‍ ഗ്രാമവാസികള്‍ സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്. അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ അരുണ്‍ പന്നാലാല്‍ ഗജ്രാള്‍ പോലീസുമായി ബന്ധപ്പെട്ടെങ്കിലും അക്രമം നടന്ന കാര്യം പോലീസ് നിഷേധിക്കുകയാണ് ചെയ്തത്.
ആക്രമണം നടന്ന ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുവാന്‍ വിളിച്ചെങ്കിലും പുലര്‍ച്ചെ രണ്ടു മണിവരെ പോലീസിന്റെ ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചിരിക്കുകയായിരുന്നുവെന്നാണ് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറമിന്റെ പ്രവര്‍ത്തകര്‍ പറയുന്നത്. ബാസ്താര്‍ മേഖലയില്‍ ക്രൈസ്തവര്‍ക്ക് നേര്‍ക്കുള്ള ആക്രമണമുണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി അരുണ്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അരുണ്‍ ആവശ്യപ്പെട്ടു. ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ പ്രസിഡന്റ് സാജന്‍ കെ ജോര്‍ജ്ജും ആക്രമണത്തെ അപലപിച്ചുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്. കൊറോണ പകര്‍ച്ചവ്യാധിക്കുമിടയിലും മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‍ അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക