News - 2025
മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ സമിതി വേണം: ഇന്തോനേഷ്യന്‍ കത്തോലിക്ക സംഘടനകള്‍ യുഎന്നിനെ സമീപിച്ചു
പ്രവാചക ശബ്ദം 24-11-2020 - Tuesday
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക യുഎന്‍ സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കത്തോലിക്കാ അല്മായ സംഘടനകള്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. ഒക്ടോബര്‍ 26ന് സുരക്ഷാ സേനാംഗങ്ങള്‍ വെടിവച്ചുകൊന്ന മതാധ്യാപകന്‍ റൂഫിനുസ് തിഗാവിന്റെ മരണത്തിന് പിന്നാലെയാണ് വിവിധ സംഘടനകള്‍ യുഎന്നിനെ സമീപിച്ചിരിക്കുന്നത്. കൊലപാതകത്തിന് കാരണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടം ശ്രമിക്കുന്നില്ലെന്ന് പാപ്പുവാ പ്രവിശ്യയിലെ കത്തോലിക്കരും സന്യസ്തരുടെ സംഘടനകളും കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം ജക്കാര്‍ത്ത ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് സുഹാര്യോ ഹാര്‍ജ്യോത് മോജ്യോയും മറ്റു മതമേലധ്യക്ഷന്മാരും മന്ത്രി മാഹ്ഫുദുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്തോനേഷ്യയില്‍ വളര്‍ന്നുവരുന്ന ആക്രമണ പ്രവണതയും സുരക്ഷാസേന അതിവേഗം വെടിവയ്പിലേക്കു തിരിയുന്നതും അവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സുരക്ഷാ പോലീസിന്റെ വെടിവയ്പുകള്‍ക്ക് ഇരകളായി ക്രൈസ്തവര്‍ മാറുന്നത് ഇന്തോനേഷ്യയില്‍ പതിവായിരിക്കുകയാണ്.
ഒക്ടോബര്‍ ഏഴിന് അഗസ്തീനസ് ദുവിത്താവ് എന്ന ഒരു കത്തോലിക്കാ മതാധ്യാപകന്‍ കൊല്ലപ്പെട്ടിരിന്നു. സെപ്റ്റംബറില്‍ രണ്ടു പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാര്‍ കൊല്ലപ്പെട്ടിരിന്നു. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്നത് കടുത്ത മത പീഡനവും അവഗണനയുമെന്ന് കോംനാസ് ഹാം എന്ന് വിളിക്കപ്പെടുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക