News - 2025
വിശുദ്ധ തോമസ് ബെക്കറ്റിന്റെ രക്തസാക്ഷിത്വം അനുസ്മരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
പ്രവാചക ശബ്ദം 31-12-2020 - Thursday
വാഷിംഗ്ടണ്‍ ഡിസി: കത്തോലിക്കാ സഭയിലെ വിശുദ്ധനും രക്തസാക്ഷിയുമായ തോമസ് ബെക്കറ്റിനെ പ്രകീർത്തിച്ച്, വിശുദ്ധന്റെ തിരുനാൾ ദിനത്തോട് അനുബന്ധിച്ച് പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സഭയ്ക്ക് സ്വാതന്ത്ര്യവും, സമാധാനവും ലഭിക്കുന്നതിനുവേണ്ടി മാഗ്നാകാർട്ട എഴുതുന്നതിനും, ഏതെങ്കിലും മതത്തിൽ വിശ്വസിക്കാനുള്ള അവകാശം അമേരിക്കൻ ഭരണഘടനയുടെ ഭാഗമാകുന്നതിനും മുമ്പെ തന്നെ അദ്ദേഹം തന്റെ ജീവൻ ബലികഴിച്ചുവെന്ന് ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു. തോമസ് ബെക്കറ്റിനോടുള്ള ബഹുമാനാർത്ഥം മതവിശ്വാസികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്നും ആഗോള തലത്തില്‍ മതസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്നും അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.
മധ്യ കാലഘട്ടത്തെ ഞെട്ടിച്ച ദുർഭരണവും, കൊലപാതകവും ഇനി ആവർത്തിക്കപ്പെടരുത്. അമേരിക്ക ശക്തമായി നിലനിൽക്കുന്ന കാലത്തോളം മത സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. വിശ്വാസത്തെ പ്രതി പീഡനം സഹിക്കുന്ന എല്ലാവർക്കുമായി പ്രാർത്ഥിക്കുന്നു. പ്രത്യാശയ്ക്ക് സാക്ഷ്യം വഹിക്കുന്ന ധീരരായ ഇടയൻമാരായ കർദ്ദിനാൾ ജോസഫ് സെന്നിനും, ചൈനയിലെ പാസ്റ്ററായ വാങ് യി യെ പോലുള്ളവർക്കുമായി പ്രത്യേകമായി പ്രാർത്ഥിക്കുന്നു. വിശുദ്ധ തോമസിന്റെ രക്തസാക്ഷിത്വം ചരിത്രത്തെ തന്നെ മാറ്റി മറിച്ചുവെന്നും, പാശ്ചാത്യരാജ്യങ്ങളിൽ സർക്കാരുകൾക്ക് സഭയുടെ മേലുള്ള അധികാരങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് സ്മരിച്ചു.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജനിച്ച തോമസ് ബെക്കറ്റ് കാനോൻ നിയമത്തിലും, സിവിൽ നിയമത്തിലും വിദഗ്ദനായിരുന്നു. ലോർഡ് ചാൻസിലർ പദവി വഹിച്ചിരുന്ന അദ്ദേഹം 1162ൽ കാൻറ്റബെറി ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടു. വത്തിക്കാന്റെ ഇംഗ്ലണ്ടിലെ സ്വാതന്ത്ര്യത്തിന് ഹെൻട്രി രണ്ടാമൻ രാജാവ് തടയിടാൻ ശ്രമിച്ചതിനെ ആർച്ച് ബിഷപ്പ് പദവിയിലിരിക്കെ തോമസ് ബെക്കറ്റ് ശക്തമായി എതിർത്തിരിന്നു. മാർപാപ്പയുടെ അവകാശങ്ങളും, സഭാ കോടതികളുടെ സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ രാജാവ് കൊണ്ടുവന്ന ക്ലരൻഡോൺ ഭരണഘടന അംഗീകരിക്കാത്തതിന്റെ പേരിൽ അദ്ദേഹം ഏതാനുംനാൾ നാടുകടത്തപ്പെട്ടു. 1170 ഡിസംബർ 29നു കാൻറ്റബെറി കത്തീഡ്രലിൽ വച്ച് ഹെൻട്രി രാജാവിന്റെ കിങ്കരന്മാർ ബെക്കറ്റിനെ കൊലപ്പെടുത്തുകയായിരിന്നു. മതമില്ലാതെ സമൂഹത്തിന് വളരാനും, ദൈവ വിശ്വാസമില്ലാതെ രാജ്യത്തിന് മുന്നോട്ടുപോകാനും സാധിക്കില്ല എന്നു പറഞ്ഞുകൊണ്ടാണ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന അവസാനിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക