News - 2025
കേരള നസ്രാണികൾക്കിടയില്‍ പ്രസിദ്ധമായ പിണ്ടികുത്തി/ദനഹാ തിരുനാളിന്റെ ചരിത്രം
ഡോ.ഡെയ്സൻ പാണേങ്ങാടൻ/ പ്രവാചകശബ്ദം 06-01-2025 - Monday
കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ 'പിണ്ടി കുത്തി' തിരുനാള്‍ ഈ ദിവസങ്ങളിൽ (ജനുവരി 5,6,7 തീയ്യതികളിൽ) കൊണ്ടാടുകയാണ്. കൃത്യമായി പറഞ്ഞാൽ ക്രിസ്തുമസ് കഴിഞ്ഞ് 13-ാം ദിവസം, അതായത് ജനുവരി ആറാം തീയതി. സാധാരണയായി അഞ്ചാം തീയ്യതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി തെളിയിച്ച് ആറാം തീയ്യതി പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ നാലു തവണ പിണ്ടി തെളിയിക്കുന്ന ആചാരം പരമ്പരാഗത ക്രിസ്തീയ കുടുംബങ്ങളിലുണ്ട്. കേരളത്തിലേയും കേരളത്തിൽ നിന്നും മറ്റു സ്ഥലങ്ങളിലേയ്ക്ക് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികൾക്കിടയിലും മാത്രമൊതുങ്ങി നിൽക്കുന്ന ഒരാചാരമായി പിണ്ടിപ്പെരുന്നാളിനെ കാണാം. ദീപങ്ങളുടെയും അതു പരത്തുന്ന പ്രകാശത്തിന്റെയും തിരുനാളായാണു പിണ്ടികുത്തി തിരുനാള്‍ പൊതുവിൽ അറിയപ്പെടുന്നത്.
ആചരണം:-
ജനുവരി അഞ്ചാം തിയതി, ഉച്ചതിരിയുമ്പോൾ തന്നെ വാഴപ്പിണ്ടി അതിന്റെ പുറം പോളകൾ നീക്കി ഭംഗിയാക്കിയ ശേഷം പള്ളിമുറ്റത്തും വീട്ടുമുറ്റത്തും കുത്തി, വർണ്ണക്കടലാസുകളും തെങ്ങോലകളും കൊണ്ട് വർണാഭമാക്കുന്നു. പിന്നീട് വൈകിട്ട് മൺചിരാതുകളും തിരികളും സജ്ജീകരിച്ച് ദീപാലങ്കാരം നടത്തുന്നു. കത്തോലിയ്ക്കാ കുടുംബങ്ങളിൽ വൈകീട്ട് ഭക്തിയോടെ അർപ്പിക്കപ്പെടുന്ന കുടുംബപ്രാർത്ഥനയോട് ചേർന്നും പള്ളികളിൽ റംശാ പ്രാർത്ഥനയോടും ചേർന്ന് വളരെ ആഘോഷമായി തന്നെയാണ് പരമ്പരാഗതമായ പിണ്ടി തെളിയിയ്ക്കൽ നടത്താറ്. പളളികളിൽ ബഹു.വൈദികരും കുടുംബങ്ങളിൽ കുടുംബനാഥനും തിരി തെളിയിയ്ക്കുന്നതിന് കാർമ്മികത്വം വഹിയ്ക്കുന്നു.
കുടുംബാംഗങ്ങൾക്കൊപ്പം പ്രദക്ഷിണഗീതം (എൽ പയ്യാ ഗീതം) ആലപിച്ചുകൊണ്ട് പിണ്ടിയിലുള്ള ബാക്കി തിരികളും പരിസരങ്ങളിലലങ്കരിച്ചിരിക്കുന്ന മറ്റു ദീപങ്ങളും കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് തെളിക്കുന്നു. തുടർന്ന്
പിറ്റേ ദിവസം (ആറാം തീയ്യതി) പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ ആകെ നാലു തവണ പിണ്ടി തെളിയിക്കുന്നു. സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന ലോകമെമ്പാടുമുള്ള നസ്രാണികൾ ഭക്ത്യാദരപൂർവ്വം ഈ അനുഷ്ഠാനത്തിൽ പങ്കുചേരുന്നു.
ചരിത്രപരത:-
ദനഹാ എന്ന സുറിയാനി വാക്കിന്റെ മലയാള അർഥം ഉദയം, പ്രകാശം എന്നൊക്കെയാണ്. മിശിഹായുടെ മനുഷ്യത്വത്തിൽ പരിശുദ്ധ ത്രിത്വം പ്രകാശപൂരിതമാകുന്നതിന് സുവിശേഷത്തിൽ, മിശിഹായുടെ ജോർദ്ദാൻ നദിയിലെ മാമോദീസ വേള സുവ്യക്തമായ സാക്ഷ്യം നൽകുന്നുണ്ട്. സ്നാപക യോഹന്നാനിൽ നിന്നുള്ള മിശിഹായുടെ യോർദ്ദാൻ നദിയിലെ മാമോദീസയെ അനുസ്മരിച്ച്, ക്രിസ്തുവിന്റെ പ്രത്യക്ഷീകരണം അനുസ്മരിക്കുകയാണിവിടെ.ദനഹാ തിരുന്നാളിൽ സങ്കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് കുളത്തിലോ മറ്റെതെങ്കിലും ജലാശയത്തിലോ ഇറങ്ങി ആചാരക്കുളി (പാലായിലെ രാക്കുളി പെരുന്നാൾ) നടത്തുന്ന പതിവ് നസ്രാണിപൂർവ്വികർക്കിടയിൽ ഉണ്ടായിരുന്നു.
സാംസ്കാരികാനുരൂപണം:-
ലോകത്തു മറ്റൊരിടത്തും ഇത്തരത്തിൽ വ്യാപകമായി ദനഹാ തിരുനാൾ പ്രകാശപൂരിതമായി (പിണ്ടി തെളിയിച്ച് ) ആഘോഷിക്കുന്ന പതിവില്ല. ഒരു പരിധി വരെ സുറിയാനി കത്തോലിയ്ക്കാ സഭയുടെ സാംസ്കാരികാനുരൂപണത്തിന്റെ ഇന്നിന്റെ ഉദാഹരണം കൂടിയാണ്, മിശിഹാ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് ഭാരത സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ പ്രഘോഷിക്കുന്ന പിണ്ടി പെരുന്നാൾ. സമയം വില പറയുന്ന തിരക്കുകളുടെയും അതിന്റെ അതിപ്രസരത്തിന്റേയും ഇക്കാലത്തും, ഭൂരിഭാഗം നസ്രാണി കുടുംബങ്ങളിലും ഈ ആചരണം നടത്തുന്നത് സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന കത്തോലിയ്ക്കാസഭയുടെ പൈതൃക സംരക്ഷണത്തിനു മികച്ച ഒരു ഉദാഹരണവും ഈ നാടിന്റെ സംസ്കാരവുമായി അവർ എത്ര മാത്രം ഇഴുകി ചേർന്നുവെന്നതിന്റെ അടയാളവുമാണ്.
വിവിധയിടങ്ങളിലെ ആഘോഷങ്ങൾ:-
ദൈവശാസ്ത്രപരമായി,ഈശോ മിശിഹാ സ്നാപകയോഹന്നാനില്‍നിന്ന് അനുതാപത്തിന്റെ മാമ്മോദീസ സ്വീകരിച്ച ദഹനാ തിരുനാളിന്റെ പാരമ്പര്യാചരണമാണ് പ്രത്യക്ഷീകരണ തിരുനാൾ എന്നുകൂടിയറിയപ്പെടുന്ന പിണ്ടി കുത്തി തിരുന്നാൾ.ചിലയിടങ്ങളില്‍ ഈ തിരുനാളാഘോഷം രാക്കുളിപ്പെരുന്നാൾ (തെക്കു കേരളത്തിലും വടക്കൻ മേഖലയിലും) എന്നും അറിയപ്പെടുന്നു. മധ്യകേരളത്തിൽ വളരെ വിശാലമായി ഈ തിരുനാൾ ആചരിക്കുന്ന പതിവ് നിലവിലുണ്ട്.ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളിയിലെ പിണ്ടിപ്പെരുന്നാളും തൃശ്ശൂരിലെ തന്നെ ചിറ്റാട്ടുകര പള്ളിയിലെ കമ്പിടിതിരുനാളും പ്രസിദ്ധമാണ്.
പ്രായോഗികത:-
പ്രായോഗികമായി പറഞ്ഞാൽ, ലോകത്തിന്റെ പ്രകാശമായിത്തീര്‍ന്ന ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കാനുള്ള അവസരമായാണു പിണ്ടികുത്തി തിരുനാളിനെ ക്രൈസ്തവർ നോക്കി കാണുന്നത്. ക്രിസ്തുമഹത്വത്തിന്റെ വെളിച്ചം വിശ്വാസികളിലേയ്ക്ക് പകരാനുതകുന്ന ഒന്നു കൂടിയാണ് ഈ ദനഹാ തിരുനാൾ. അതു കൊണ്ട് തന്നെ നമ്മുടെ ഹൃദയം നന്മയുടെ വെള്ളി വെളിച്ചത്തിൽ പ്രകാശപൂരിതകേണ്ടതുണ്ട്. അത്തരമൊരു ചൈതന്യത്തിൻ്റെ പശ്ചാത്തലത്തിൽ മാത്രമേ, ഈ ആഘോഷങ്ങളുടെയൊക്കെ യഥാർത്ഥമാനം നമുക്ക് കൈവരിയ്ക്കാനാകൂ. അങ്ങിനെയെങ്കിൽ,പൂത്തിരിയും മൂളിയും കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള മലയാളിയുടെ പതിവു വെടിക്കെട്ട് ആഘോഷം എന്നതിനപ്പുറത്തേയ്ക്ക് ക്രിസ്തു ചൊരിഞ്ഞ വെളിച്ചത്തെ ഹൃദയത്തിൽ സ്വീകരിക്കാനുള്ള സാഹചര്യമാണ്, ദനഹാ തിരുനാളിൽ ഒരുക്കേണ്ടത്.
ഏവർക്കും ദനഹാ തിരുനാളാശംസകൾ...!!
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക