News - 2025
ഭൂകമ്പത്തിനിരയായവര്‍ക്ക് ക്രൊയേഷ്യന്‍ മെത്രാന്‍ സമിതിയുടെ പത്തു ലക്ഷം ഡോളര്‍ ധനസഹായം
പ്രവാചക ശബ്ദം 06-01-2021 - Wednesday
സാഗ്രെബ്: കഴിഞ്ഞയാഴ്ച മധ്യ ക്രൊയേഷ്യയിലുണ്ടായ ഭൂകമ്പത്തിനിരയായവര്‍ക്ക് ക്രൊയേഷ്യന്‍ മെത്രാന്‍ സമിതി പത്തു ലക്ഷം ഡോളര്‍ അടിയന്തിര ധനസഹായമായി നല്‍കി. സിസാക്ക് രൂപതയിലേയും, സാഗ്രെബ് രൂപതയിലേയും ഭൂകമ്പത്തിനിരയായ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ധനസഹായം ഉപയോഗിക്കുന്നത്. അധിക ധനസഹായത്തിനുള്ള തീരുമാനം മെത്രാന്മാരുടെ അടുത്ത കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്ന് ക്രൊയേഷ്യന്‍ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറലായ ഫാ. ക്രണോസ്ലാവ് നൊവാക് അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പം മധ്യക്രൊയേഷ്യയെ പിടിച്ചുകുലുക്കിയത്. കാരിത്താസ് ക്രൊയേഷ്യയുടേയും, ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടേയും പങ്കാളിത്തത്തോടെ മെത്രാന്‍ സമിതി ഭൂകമ്പത്തില്‍ ഭവനരഹിതരായവര്‍ക്ക് വേണ്ടി താല്‍ക്കാലിക വീടുകളുടെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ദുരന്തങ്ങള്‍ വരുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധ മാറിയാലും സഭ അവളുടെ വിശ്വാസികളെ കൈവെടിയില്ലെന്നു ക്രൊയേഷ്യന്‍ കത്തോലിക്കാ റേഡിയോ സ്റ്റേഷനായ ‘എച്ച്.കെ.ആര്‍’നു നല്‍കിയ അഭിമുഖത്തില്‍ ഫാ. നൊവാക് പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച സാഗ്രെബ് അതിരൂപത മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജോസിപ് ബൊസാനിക്കും, അദ്ദേഹത്തിന്റെ സഹായ മെത്രാന്മാരും പ്രാദേശിക മെത്രാനായ വ്ലാഡോ കോയിക്കുമൊന്നിച്ച് സിസെക് രൂപതയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായ പട്ടണങ്ങള്‍ സന്ദര്‍ശിക്കുകയും സാസിനാ പട്ടണത്തിലെ ഇടവക ദേവാലയത്തിന് മുന്നില്‍ ഭൂകമ്പത്തിനിരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരിന്നു.
ദുരന്തബാധിതരായ വിശ്വാസികളുടെ കൂടെ എപ്പോഴും ഉണ്ടാവുമെന്നു ഭൂകമ്പത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ബൊസാനിക്ക് പ്രസ്താവിച്ചു. കഴിഞ്ഞയാഴ്ച ക്രൊയേഷ്യയിലുണ്ടായ ഭൂകമ്പത്തിലും, അതിന്റെ മുന്‍പും പിന്‍പും ഉണ്ടായ പ്രകമ്പനങ്ങളിലും ഏറ്റവും ചുരുങ്ങിയത് 7 പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 12 വയസുള്ള ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഒരു കത്തീഡ്രല്‍ ഉള്‍പ്പെടെ നിരവധി ദേവാലയങ്ങളും ഭൂകമ്പത്തില്‍ നാമാവശേഷമായിരിന്നു. ക്രൊയേഷ്യയിലെ 40 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 86% കത്തോലിക്കരാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക