News - 2025

പതിവിന് വിപരീതമായി പാപ്പയുടെ വിഭൂതി ശുശ്രൂഷ പത്രോസിന്റെ ബസിലിക്കയില്‍

പ്രവാചക ശബ്ദം 08-02-2021 - Monday

റോം: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പതിവിന് വിപരീതമായി ഫ്രാന്‍സിസ് പാപ്പായുടെ വിഭൂതി തിരുനാൾ കുർബാന ഇത്തവണ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും. എല്ലാവര്‍ഷവും റോമിലെ അവന്തിനൊ കുന്നിലെ വിശുദ്ധ ആൻസെലമിൻറെ നാമത്തിലുള്ള ആശ്രമ ദേവാലയത്തിലും വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്കയിലുമായിട്ടാണ് മാര്‍പാപ്പ തിരുക്കർമ്മം നയിക്കാറുണ്ടായിരിന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് ചാരംപൂശൽ കർമ്മം അടങ്ങിയ വിഭൂതി തിരുനാൾ കുർബാന വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, അർപ്പിക്കാൻ തീരുമാനിക്കുകയായിരിന്നു. ഇതിൽ പങ്കെടുക്കുന്നതിനുള്ള വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

പരിശുദ്ധ സിംഹാസനത്തിൻറെ മാധ്യമ വിഭാഗം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് (05/02/21) ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം നോമ്പുകാലത്തിലെ വെള്ളിയാഴ്‌ചകളിൽ പതിവുള്ള നോമ്പുകാല പ്രഭാഷണം പതിവുപോലെ ഇക്കൊല്ലവും കപ്പൂച്ചിൻ സഭാംഗമായ കർദ്ദിനാൾ റനിയേരൊ കന്തലമേസ്സ നടത്തും. വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കു സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ഹാളാണ് പ്രഭാഷണ വേദിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 26, മാർച്ച് 5,12,26 എന്നീ തീയതികളിലായിരിക്കും ധ്യാനം പ്രസംഗം.

More Archives >>

Page 1 of 623