News

ഗർഭസ്ഥശിശുക്കളുടെ കോശമുപയോഗിച്ച് കോവിഡ് വാക്സിൻ നിർമാണം: പ്രതിരോധിക്കുവാന്‍ ആഹ്വാനവുമായി ബിഷപ്പ് ഷ്നീഡർ

പ്രവാചക ശബ്ദം 22-02-2021 - Monday

അസ്താന: ഗർഭസ്ഥശിശുക്കളുടെ കോശങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനുകൾക്കെതിരെ പ്രതിഷേധിക്കാൻ ആഗോളതലത്തിൽ പുതിയൊരു പ്രോലൈഫ് മുന്നേറ്റത്തിനു ആഹ്വാനവുമായി ഖസാഖിസ്ഥാനിലെ അസ്താന രൂപത മെത്രാൻ ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡറുടെ ആഹ്വാനം. പ്രമുഖ പ്രോലൈഫ് മാധ്യമമായ 'ലൈഫ്‌സൈറ്റ് ന്യൂസ്'- 'അൺമാസ്കിങ് കോവിഡ്-19: വാക്സിൻസ്, മാൺഡേറ്റസ്, ആൻഡ് ഗ്ലോബൽ ഹെൽത്ത്' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് സുപ്രധാന ആഹ്വാനം ബിഷപ്പ് അത്താനേഷ്യസ് നടത്തിയിരിക്കുന്നത്.

ഇതുവരെ വിജയകരമായി ഒത്തൊരുമയോടെ ഭ്രൂണഹത്യയ്ക്കെതിരെ ശബ്ദമുയർത്താൻ പ്രോലൈഫ് പ്രസ്ഥാനങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും, എന്നാൽ ഇനി വരുന്ന കാലഘട്ടത്തിൽ അസന്നിഗ്‌ദ്ധമായി, തുറവിയോടെ ഗർഭസ്ഥ ശിശുക്കളുടെ ശരീരഭാഗങ്ങൾ മരുന്നുണ്ടാക്കാൻ വേണ്ടി ചൂഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കാൻ സാധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരു പുതിയ ഘട്ടമാണ് വരുന്നത്, നമ്മൾ ധൈര്യമുള്ളവരായിരിക്കണം. ഭ്രൂണഹത്യയ്ക്ക് വിധേയരായ ശിശുക്കളുടെ ശരീരകോശങ്ങൾ ഉപയോഗിച്ചാണ് പല മരുന്നു നിർമാണ കമ്പനികളും കോവിഡ് പ്രതിരോധ വാക്സിൻ നിർമ്മിക്കുന്നത്.

യഥാര്‍ത്ഥ മനസാക്ഷിയോടെ, ഭ്രൂണഹത്യയ്ക്ക് പിന്തുണ നൽകുന്നില്ല എന്ന ബോധ്യത്തോടു കൂടി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാമെന്നാണ് കത്തോലിക്കാ സഭ ഔദ്യോഗികമായി ആഹ്വാനം നല്‍കുന്നത്. ഇതേസമയം ഭ്രൂണഹത്യ അവശിഷ്ട്ടങ്ങളിലൂടെയാണ് ചില വാക്സിനുകള്‍ ഉല്പാദിപ്പിക്കപ്പെട്ടത് എന്ന യാഥാർഥ്യത്തോട് ഒരു ക്രൈസ്തവ വിശ്വാസിക്ക് മുഖം തിരിക്കാൻ സാധിക്കില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭ്രൂണഹത്യയിലൂടെ കൊല്ലപ്പെട്ട ശിശുക്കളുടെ രക്തം വാക്സിനുകളിൽ നിന്ന് ദൈവത്തോട് നിലവിളിക്കുന്നു. ഗർഭസ്ഥശിശുക്കളുടെ നിലവിളി ലോകം മുഴുവൻ മുഴങ്ങി കേൾക്കുന്നു. ഇത് കേട്ട് നാം ഉണരണമെന്നും ബിഷപ്പ് പറഞ്ഞു.

പല ക്രൈസ്തവ നേതാക്കളും ഈ വിഷയത്തെപ്പറ്റി പ്രതികരിക്കാൻ തയ്യാറാകുന്നില്ല. പുതിയ പ്രോലൈഫ് മുന്നേറ്റത്തിന്റെ ഭാഗമാകുന്ന ക്രൈസ്തവ വിശ്വാസികൾ, ജയിൽശിക്ഷയും, മരണം പോലും വരിക്കാൻ തയാറായിരിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. വിഗ്രഹങ്ങളെ ആരാധിച്ച് ജീവൻ രക്ഷിക്കാമെന്ന ഘട്ടത്തിലും അതിനു സമ്മതം മൂളാതെ ധീരതയോടെ മരണത്തെ പുൽകിയ ആദിമ കാലഘട്ടത്തിലെ ക്രൈസ്തവ വിശ്വാസികളുടെ ഉദാഹരണം ബിഷപ്പ് ഷ്നീഡര്‍ ചൂണ്ടിക്കാട്ടി. വലിയൊരു മത പീഡനത്തിന്റെ നാളുകളാണ് ക്രൈസ്തവർക്ക് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പും ബിഷപ്പ് ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഭ്രൂണഹത്യ ചെയ്ത ശിശുക്കളുടെ കോശങ്ങൾ കൊണ്ടുണ്ടാക്കുന്ന കൊറോണ വാക്സിൻ അംഗീകരിക്കില്ല എന്ന ഉറച്ച നിലപാടുമായി അമേരിക്കയിലെ ടെക്സാസിലെ ടൈലർ രൂപതയുടെ മെത്രാനായ ബിഷപ്പ് ജോസഫ് സ്ട്രിക്ട്ലാൻഡ് അടക്കമുള്ള ചില മെത്രാന്‍മാരും അടുത്ത നാളില്‍ രംഗത്തുവന്നിരിന്നു. അമേരിക്കൻ മെത്രാൻ സമിതിയും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓക്‌സ്ഫഡ്- അസ്ട്രാ സെനക്ക എന്ന കമ്പനി നിര്‍മ്മിക്കുന്ന വാക്സിനില്‍ ഭ്രൂണകോശങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ക്രിസ്തീയ ധാര്‍മ്മികതക്ക് നിരക്കാത്തതാണെന്നും അതൊഴിവാക്കണമെന്നും അമേരിക്കന്‍ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 627