News - 2025
ഭരണഘടന പ്രതിസന്ധി മറികടക്കുവാനുള്ള മാരോണൈറ്റ് കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശത്തിന് പിന്തുണയുമായി സൗദി
പ്രവാചക ശബ്ദം 23-02-2021 - Tuesday
ബെയ്റൂട്ട്: മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യമായ ലെബനോനില്‍ ഭരണഘടന പ്രതിസന്ധി മറികടക്കുവാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ആവശ്യമാണെന്ന മാരോണൈറ്റ് സഭാ തലവന്‍ പാത്രിയാര്‍ക്കീസ് ബെച്ചാര ബൌട്രോസിന് അല്‍-റാഹിയുടെ നിര്‍ദ്ദേശത്തിന് രാജ്യത്തിനകത്തും പുറത്തും പിന്തുണയേറുന്നു. കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശത്തെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് സൗദി അറേബ്യ രംഗത്തെത്തി. സൗദി അംബാസഡര്‍ വാലിദ് ബിന്‍ അബ്ദുള്ള അല്‍ ബുഖാരി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബെക്കെര്‍ക്കിലെ പാത്രിയാക്കീസ് ആസ്ഥാനത്തെത്തി കര്‍ദ്ദിനാളുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ലെബനോനിലെ രാഷ്ട്രീയ ഐക്യത്തിനും, സമാധാനത്തിനും വേണ്ടിയുള്ള കര്‍ദ്ദിനാളിന്റെ ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
പ്രശ്നത്തില്‍ കര്‍ദ്ദിനാള്‍ അല്‍-റാഹി നടത്തിയ അഭിപ്രായപ്രകടനത്തെ ആഭ്യന്തര-അന്താരാഷ്ട്ര സമൂഹം ശ്രദ്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ വാലിദ് ബിന്‍ അബ്ദുള്ള ‘ദേശീയ ഐക്യവും പൗരസമാധാനവും ഉറപ്പുനല്‍കുന്ന ‘തായ്ഫ്’ കരാര്‍ ശരിയായ രീതിയില്‍ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞു. ഇതേദിവസം തന്നെ ലെബനോന്‍ പ്രസിഡന്റ് മൈക്കേല്‍ അവൂണിന്റെ ഭരണകൂടത്തോടു എതിര്‍പ്പുള്ള ഫാരെസ് സൗഹയിദും, അഹമദ് ഫാട്ഫാടുമായി കര്‍ദ്ദിനാള്‍ കൂടിക്കാഴ്ച നടത്തുകയും, ഇരുവരും ഒറ്റക്കെട്ടായി പാത്രിയാര്‍ക്കീസിന്റെ നിര്‍ദ്ദേശത്തെ പിന്തുണക്കുകയും ചെയ്തു. രാജ്യത്തിന്റെ നിലനില്‍പ്പിന് വിരുദ്ധമായ അന്തര്‍ദേശീയ പദ്ധതികള്‍ക്ക് കീഴടങ്ങുന്നതില്‍ നിന്നും രാഷ്ട്രത്തെ രക്ഷിക്കുവാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ആവശ്യമാണെന്ന്‍ സമീപകാലത്ത് നടത്തിയ ഒരു പ്രസംഗത്തിലും കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു.
അതേസമയം സൗദി അംബാസഡര്‍ ബുഖാരി രണ്ടു മാസത്തേ അവധിയെടുത്ത് സൗദിയിലേക്ക് പോയത് ലെബനോനിലെ പ്രതിസന്ധികളില്‍ സൗദിയുടെ താല്‍പ്പര്യമില്ലായ്മയായിട്ടും, തിരിച്ചു ലെബനനിലെത്തിയ ശേഷം കര്‍ദ്ദിനാളുമായി കൂടിക്കാഴ്ച നടത്തിയത് കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശത്തിന്റെ സ്വീകാര്യതയുമായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവ സമൂഹം നാല്‍പ്പതു ശതമാനം മാത്രമാണ്. രാജ്യത്തെ പടുത്തുയർത്തിയതിൽ ക്രൈസ്തവർ വലിയ പങ്കാണ് വഹിച്ചത്. ഇന്ന്‍ ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കടമുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള ലെബനോന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക