News - 2025
ക്രൈസ്തവര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനമേല്‍ക്കുന്ന വിഭാഗം: യുഎന്നില്‍ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ പ്രതിനിധി
പ്രവാചക ശബ്ദം 25-02-2021 - Thursday
ജനീവ: പീഡിത ക്രൈസ്തവ സമൂഹം ഭയത്തിന്റെയും, വിദ്വേഷത്തിന്റെ ഇരകളാണെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനമേല്‍ക്കുന്ന വിഭാഗം ക്രൈസ്തവരാണെന്നും ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഗബ്രിയേൽ ഗാർസിയയുടെ തുറന്നുപറച്ചില്‍. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹിക കാര്യങ്ങൾക്ക് വേണ്ടിയുള്ള കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വത്തിക്കാൻ പ്രതിനിധി തന്റെ ആശങ്ക പങ്കുവെച്ചത്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം എല്ലാ മനുഷ്യരുടെയും സമത്വവും, അവകാശങ്ങളും, മൂല്യവും യാതൊരുവിധ വിവേചനങ്ങളുമില്ലാതെ ഉയർത്തിപ്പിടിക്കുന്നതാണെന്ന് ആർച്ച് ബിഷപ്പ് ഗാർസിയ പ്രസ്താവിച്ചു.
ദൈവ വിശ്വാസത്തിന്റെ പേരിൽ ആളുകൾക്ക് ജയിൽ ശിക്ഷയും, ക്രൂരമായ പീഡനങ്ങളും ഏൽക്കേണ്ടി വരുന്നു. ചിലർ കൊല്ലപ്പെടുക പോലും ചെയ്യുന്നു. എന്നാൽ ഇതിന് കാരണക്കാരായവർ സ്വതന്ത്രമായി നടക്കുന്നു. ചില സ്ഥലങ്ങളിൽ നിന്ന് ന്യൂനപക്ഷ സമൂഹങ്ങൾ അപ്രത്യക്ഷമാകുന്ന സാഹചര്യം പോലും നിലനിൽക്കുന്നു. ക്രൈസ്തവരെ ഏറ്റവും മതപീഡനങ്ങൾ നേരിടേണ്ടിവരുന്ന മതവിഭാഗം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മറ്റുള്ള മനുഷ്യരോടുള്ള ഭയവും, വിദ്വേഷവും ചെറുക്കാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നിൽക്കണം.
എല്ലാവരും തുല്യരാണെന്നുള്ള ബോധ്യം, വർഗീയതയ്ക്കും വിവേചനത്തിനും നേരെ കണ്ണടയ്ക്കാതെ മറ്റുള്ളവരെ തുറവിയോടും, സ്നേഹത്തോടും, സഹാനുഭൂതിയോടെ കൂടെ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. ചില സമയത്ത് വംശീയത വിവിധ സമൂഹങ്ങളിൽ ഉടലെടുക്കുന്നത് അപമാനം നൽകുന്നു. വിവേചനവും വംശീയതയും അഭയാർത്ഥികൾ അടക്കമുള്ളവരെ ബാധിക്കുന്നുവെന്ന് നാം കാണുന്നു. മറ്റുള്ളവരെ പറ്റിയുള്ള ഭയമാണ് നിരവധി ആളുകൾക്ക് മതത്തിന്റെയും, വിശ്വാസത്തിന്റെയും പേരിൽ പീഡനമേൽക്കാൻ കാരണമാകുന്നത്. ഏറ്റവും അടിസ്ഥാന മനുഷ്യാവകാശമായ മതസ്വാതന്ത്ര്യം മാനിക്കപ്പെടാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും ഗബ്രിയേൽ ഗാർസിയ യുഎന്‍ പ്രഭാഷണത്തില്‍ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക