News - 2025
സിഡ്നി കത്തീഡ്രലിനു മുൻപിൽ സ്വവര്‍ഗ്ഗാനുരാഗികളുടെ പരിപാടി: പരിഹാര പ്രാർത്ഥനയുമായി വിശ്വാസികൾ
പ്രവാചക ശബ്ദം 25-02-2021 - Thursday
സിഡ്നി: ഓസ്ട്രേലിയയിലെ പ്രസിദ്ധമായ സിഡ്നിയിലെ സെന്റ് മേരീസ് കത്തീഡ്രലിന് മുൻഭാഗത്ത് സ്വവര്‍ഗ്ഗാനുരാഗികളുടെ പരിപാടി നടക്കുവാന്‍ ഇടയായ പശ്ചാത്തലത്തിൽ പരിഹാര പ്രായശ്ചിത്ത പ്രാർത്ഥനയുമായി നൂറുകണക്കിന് കത്തോലിക്ക വിശ്വാസികള്‍. സെന്റ് മേരീസ് കത്തീഡ്രലിന്റെ പടവുകളില്‍ മുട്ടിന്‍മേല്‍ നിന്ന് ദൈവത്തോട് ക്ഷമയാചിച്ച വിശ്വാസികൾ സ്തുതിഗീതങ്ങള്‍ ആലപിച്ച് ജപമാല ചൊല്ലി പരിഹാര പ്രാർത്ഥന നടത്തി. 'ഗേ' എന്ന സ്റ്റേജ് ഷോ പരമ്പരയുടെ ഭാഗമായിട്ടാണ് കത്തീഡ്രലിനു സമീപത്ത് സിഡ്നി നഗരസഭയുടെ (കൗണ്‍സില്‍) ഉടമസ്ഥതയിലുള്ള തുറന്ന മൈതാനത്ത് നാടോടി, പോപ് സംഗീത, പരിപാടിയായ ‘ലൈവ് ആന്‍ഡ് ക്വീര്‍’ എന്ന സ്റ്റേജ് ഷോ സംഘടിപ്പിച്ചത്.
ഇതിനെതിരെ വൈദികർ ഉള്‍പ്പെടെ ഇരുന്നൂറോളം കത്തോലിക്കരാണ് ശനിയാഴ്ച രാത്രി ദേവാലയത്തിന്റെ പടവുകളില്‍ പ്രതിഷേധവുമായി ഒരുമിച്ച് കൂടിയത്. കത്തീഡ്രലിനു സമീപം പരിപാടി സംഘടിപ്പിച്ചതിലും, പരിപാടിയുടെ പരസ്യത്തിനായി കത്തീഡ്രലിന്റെ ചിത്രം ഉപയോഗിച്ചതിലും സിഡ്നി മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. സെന്റ് മേരീസ് കത്തീഡ്രലിനെ സ്വവർഗ്ഗാനുരാഗികളുടെ പരിപാടിയുടെ പ്രചാരണത്തിനായി ഉപയോഗിച്ച നടപടി അത്യന്തം പ്രകോപനപരവും വിശ്വാസികളോടുള്ള അനാദരവുമാണെന്നു മെത്രാപ്പോലീത്ത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. നോമ്പ്കാലത്ത്, സഹിഷ്ണുതയുള്ള നമ്മുടെ സിഡ്നിയില്‍ ദൈവവിശ്വാസം ബഹുമാനിക്കപ്പെടുവാനും സംരക്ഷിക്കപ്പെടുവാനുമായി ദൈവത്തോട് പ്രാര്‍ത്ഥിക്കാം എന്ന ആഹ്വാനത്തോടെയാണ് മെത്രാപ്പോലീത്തയുടെ പോസ്റ്റ് അവസാനിക്കുന്നത്.