News - 2024

പ്രൊട്ടസ്റ്റന്‍റ് പാസ്റ്ററിനൊപ്പം ദിവ്യബലിയില്‍ കാര്‍മ്മികത്വം: ബ്രസീലിയന്‍ വൈദികനെ വികാരി പദവിയില്‍ നിന്നും ഒഴിവാക്കി

പ്രവാചക ശബ്ദം 25-02-2021 - Thursday

ജുണ്ട്യായ്: വിശുദ്ധ കുര്‍ബാനയുടെ കാര്‍മ്മികത്വം പ്രൊട്ടസ്റ്റന്‍റ് പാസ്റ്ററിനൊപ്പം പങ്കിട്ട ബ്രസീലിയന്‍ സ്വദേശിയും മിഷ്ണറീസ് ഓഫ് സെന്റ്‌ ചാള്‍സ് ബൊറോമിയോ സഭാംഗവുമായ ഇടവക വൈദികനെ വികാരി പദവിയില്‍ നിന്നും ഒഴിവാക്കി. ജുണ്ട്യായിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ഇടവക വികാരിയായ ഫാ. ജോസ് കാര്‍ലോസിന്റെ പ്രവര്‍ത്തിയ്ക്കെതിരെയാണ് രൂപതാനേതൃത്വം നടപടിയെടുത്തിരിക്കുന്നത്. ഇടവക സമൂഹത്തിനിടയില്‍ ആശയക്കുഴപ്പത്തിനും, ഭിന്നതയ്ക്കും കാരണമായ ഫാ. ജോസ് കാര്‍ലോസിന്റെ പ്രവര്‍ത്തിയില്‍ ഖേദമുണ്ടെന്നു ജുണ്ട്യായ് ബിഷപ്പ് വിന്‍സെന്റെ കോസ്റ്റ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സാധുവായ രീതിയില്‍ അഭിഷിക്തനായ പുരോഹിതനില്‍ മാത്രമേ വിശുദ്ധ കുര്‍ബാന സമര്‍പ്പണത്തിന്റെ ശക്തി ഉണ്ടായിരിക്കുകയുള്ളുവെന്നതു വെളിവാക്കപ്പെട്ട സത്യമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

വിഭൂതി തിരുനാള്‍ ദിനമായ ഫെബ്രുവരി 17നാണ് ബ്രസീലിലെ യുണൈറ്റഡ് പ്രിസ്ബൈറ്റേറിയന്‍ സഭയുടെ മിനിസ്റ്ററായ ഫ്രാന്‍സിസ്കോ ലെയിറ്റേക്കൊപ്പം ഫാ. പെഡ്രീനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ ശ്രമിച്ചത്. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്റെ വീഡിയോയില്‍ പ്രൊട്ടസ്റ്റന്‍റ് പാസ്റ്റര്‍ കുര്‍ബാനയുടെ ഭാഗം ചൊല്ലുന്നതും, പ്രാര്‍ത്ഥിക്കുന്നതും, ദിവ്യകാരുണ്യം സ്വീകരിക്കുന്നതും വ്യക്തമായി കാണാം. വീഡിയോയുടെ വ്യാപകമായ പ്രചാരണം പ്രതികൂലമായ പ്രതികരണം ഉളവാക്കിയെന്നും ദിവ്യകാരുണ്യത്തിലൂടെ നേടിയ സഭൈക്യത്തെ ബാധിച്ചുവെന്നും ബിഷപ്പ് കോസ്റ്റ ചൂണ്ടിക്കാട്ടി.

പാവപ്പെട്ടവരോടും അഭയാര്‍ത്ഥികളോടുമുള്ള വൈദികന്റെ ഉദാരമനസ്കതയും, അര്‍പ്പണബോധവും തങ്ങള്‍ക്കറിയാമെന്നും, കത്തോലിക്കാ പ്രബോധനങ്ങളെ നിരാകരിക്കുവാനും, വിശുദ്ധ കുര്‍ബാനയുടെ പവിത്രതയെ കളങ്കപ്പെടുത്തുവാനും അദ്ദേഹം മനപ്പൂര്‍വ്വം ശ്രമിച്ചതായി തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ സൂനഹദോസും, സമീപകാല പാപ്പമാരും ഉയര്‍ത്തിക്കാട്ടുന്ന ഇതര ക്രിസ്ത്യന്‍ സഭകളുമായുള്ള ആരോഗ്യപരവും ആധികാരികവുമായ ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗ്യമായ രീതിയില്‍ തിരുപ്പട്ട സ്വീകരണം നടത്തിയ ആളായിരിക്കണം ക്രിസ്തുവിന്റെ പ്രതിപുരുഷനിന്ന നിലയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ടതെന്നും, കത്തോലിക്ക സഭയുമായി പൂര്‍ണ്ണ ഐക്യമില്ലാത്ത സഭകളിലേയോ, സമൂഹങ്ങളിലേയോ പുരോഹിതര്‍ക്കോ, പാസ്റ്റര്‍മാര്‍ക്കോ ഒപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കരുതെന്നുമാണ് കാനോന്‍ നിയമം അനുശാസിക്കുന്നത്. വിഷയം വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ പരിഗണനക്കായി അയച്ചിരിക്കുകയാണെന്നും മെത്രാന്റെ അറിയിപ്പില്‍ പറയുന്നുണ്ട്. വിശ്വാസ തിരുസംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഇനിയുള്ള നടപടികള്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 627