News - 2025

സങ്കടക്കടലായി വീണ്ടും നൈജീരിയ: 317 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി

പ്രവാചക ശബ്ദം 27-02-2021 - Saturday

അബൂജ: യേശു ക്രിസ്തുവിനെ ത്യജിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ലീ ഷരീബുവും പെൺകുട്ടികളും ബൊക്കോഹറാമിന്റെ പിടിയിലായി മൂന്ന് വർഷം തികഞ്ഞു ദിവസങ്ങൾ പിന്നിടും മുൻപ് നൈജീരിയയിൽ ആയുധധാരികളായ സംഘം 317 സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ജാംഗ്‌ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂളിൽ നിന്നാണ് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയത്. പോലീസും പട്ടാളവും സംയുക്തമായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർത്ഥിനികളുടെ മാതാപിതാക്കളുൾപ്പെടെ സ്കൂൾ പരിസരത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാർ സുരക്ഷാ ഉദ്യോഗസ്ഥരോട് തട്ടിക്കയറി.

പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കറ്റ്സിനയ്ക്കു സമീപം കൻകരയിലെ സ്കൂളിൽ നിന്ന് 300 വിദ്യാർത്ഥികളെ കഴിഞ്ഞ ഡിസംബർ 11ന് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. നിഗർ ജില്ലയിൽ നിന്ന് ഫെബ്രുവരി 16ന് 27 വിദ്യാർത്ഥികൾ ഉൾപ്പെടെ 42 പേരെ സമാനമായ രീതിയിൽ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ ഇനിയും മോചിപ്പിച്ചിട്ടില്ല. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങൾ തടയുന്നതിൽ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തികഞ്ഞ പരാജയമാണെന്ന ആരോപണം നേരത്തെ മുതൽ ശക്തമാണ്. 2017ൽ ബോക്കോഹറാം തീവ്രവാദികൾ ചിബോക്കിലെ സ്‌കൂളിൽനിന്ന് 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. പിറ്റേവർഷം 2018 ഫെബ്രുവരി 19നാണ് യോബ് പ്രവിശ്യയിലെ ഗവൺമെന്റ് ഗേൾസ് സയൻസ് ആൻഡ് ടെക്‌നിക്കൽ കോളജിൽ നിന്ന് ലീ ഷരീബു അടക്കമുള്ള

110 പെൺകുട്ടികളെ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയത്. ഇവരിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ശേഷിക്കുന്ന 104 കുട്ടികളെ പിന്നീട് വിട്ടയച്ചെങ്കിലും യേശുവിലുള്ള വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഷെരീബു ഇപ്പോഴും ഭീകരരുടെ തടങ്കലിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് ഇതിന്റെ മൂന്നാം വാർഷികമായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

More Archives >>

Page 1 of 628