India - 2025

പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് നാളെ 75 വയസ്

22-06-2021 - Tuesday

കണ്ണൂര്‍: തലശേരി അതിരൂപതാധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാന്‍സമിതിയുടെ വൈസ് പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് നാളെ 75 വയസ് പൂര്‍ത്തിയാകുന്നു. ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. അതിരൂപതാകേന്ദ്രത്തിലെ വൈദികരോടൊപ്പം രാവിലെ ആര്‍ച്ച് ബിഷപ്പ്സ് ഹൗസ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷം കൂടിയാണ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് ഈ വര്‍ഷം.

തലശേരി അതിരൂപതയുടെ തൃതീയ അധ്യക്ഷനായി 2014 ഒക്ടോബര്‍ 30നാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. മലബാര്‍ മേഖലയിലെ െ്രെകസ്തവസമൂഹത്തിനു മുഴുവന്‍ നേതൃത്വം കൊടുക്കുന്ന നല്ല ഇടയനാണ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. ആത്മീയമേഖലയില്‍ മാത്രമല്ല, സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയ മേഖലകളിലും അദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ട്. കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടിയും അവകാശങ്ങള്‍ക്കുവേണ്ടിയുമുള്ള പോരാട്ടങ്ങള്‍ക്ക് ധീരമായ നേതൃത്വം കൊടുത്തുകൊണ്ടാണ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് ശ്രദ്ധേയനാകുന്നത്.

കോതമംഗലം രൂപതയിലെ ആരക്കുഴയില്‍ 1946 ജൂണ്‍ 23ന് ഞരളക്കാട്ട് വര്‍ക്കിമേരി ദന്പതികളുടെ മകനായി മാര്‍ ജോര്‍ജ് ഞരളക്കാട്ട് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ആരക്കുഴയിലായിരുന്നു.

1960ല്‍ അദ്ദേഹത്തിന്റെ കുടുംബം വയനാട്ടിലെ നടവയലിലേക്കു കുടിയേറി. നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍നിന്ന് എസ്എസ്എല്‍സി പാസായശേഷം തലശേരി സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിനായി ചേര്‍ന്നു. ആലുവ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന് തത്വശാസ്ത്ര ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി തലശേരി രൂപതയ്ക്കുവേണ്ടി 1971 ഡിസംബര്‍ 20ന് പുണ്യസ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം.

കണിച്ചാര്‍ ഇടവകയില്‍ സഹവികാരിയായിട്ടായിരുന്നു ആദ്യനിയമനം. പിന്നീട് വയനാട്ടിലുള്ള അരിഞ്ചേര്‍മല, കണിയാന്പറ്റ ഇടവകകളുടെ വികാരിയായി. 1973ല്‍ മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ ആ രൂപതയില്‍ ചേര്‍ന്ന് ഇടവക വികാരി, മിഷന്‍ലീഗ് ഡയറക്ടര്‍, അതിരൂപത പ്രൊക്യുറേറ്റര്‍, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍, വികാരി ജനറാള്‍ തുടങ്ങിയ നിലകളില്‍ സേവനം ചെയ്തു. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ എമ്മാനുവേല്‍ പോത്തനാമൂഴിയുടെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് ഒഴിവ് വന്നപ്പോള്‍ രൂപതാ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായി.

2008ല്‍ ഭദ്രാവതി രൂപത സ്ഥാപിതമായപ്പോള്‍ അവിടെ ആദ്യത്തെ വികാരി ജനറാളായി. 2010ല്‍ മാണ്ഡ്യ ആസ്ഥാനമാക്കി പുതിയ രൂപതയുണ്ടായപ്പോള്‍ അവിടെ പ്രഥമ മെത്രാനായി നിയമിതനാകുകയും 2010 ഏപ്രില്‍ ഏഴിന് തലശേരി ആര്‍ച്ച്ബിഷപ്പായിരുന്ന മാര്‍ ജോര്‍ജ് വലിയമറ്റത്തില്‍നിന്ന് മെത്രാഭിഷേകം സ്വീകരിക്കുകയും ചെയ്തു. ബംഗളൂരു നഗരം ഉള്‍പ്പെടുന്ന മാണ്ഡ്യ രൂപതയ്ക്ക് രൂപഭാവങ്ങള്‍ ഉണ്ടാക്കിയെടുത്തത് മാര്‍ ഞറളക്കാട്ടിന്റെ അക്ഷീണപ്രയത്‌നം മൂലമാണ്.

മതബോധന ദൈവശാസ്ത്രത്തില്‍ റോമിലെ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള മാര്‍ ജോര്‍ജ് ഞറളക്കാട്ട് സീറോ മലബാര്‍ മതബോധനകമ്മീഷന്‍ ചെയര്‍മാന്‍, കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍, കുന്നോത്ത് ഗുഡ്‌ഷെപ്പഡ് സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍, ദൈവവിളി കമ്മീഷന്‍ അംഗം, സീറോ മലബാര്‍ സ്ഥിരം സിനഡ് അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.


Related Articles »