India - 2025
കുടുംബങ്ങൾ സഭയുടെ ശക്തമായ അടിത്തറ: മാര്‍ ജോർജ്ജ് ഞരളക്കാട്ട്
പ്രവാചകശബ്ദം 06-04-2022 - Wednesday
മാനന്തവാടി : സഭയുടെ ശക്തമായ അടിത്തറ കുടുംബങ്ങളാണെന്നും അതിനാൽ രൂപതയുടെ ജൂബിലി ആഘോഷങ്ങളിൽ കുടുംബത്തിനും ക്രൈസ്തവകുടുംബത്തിന്റെ ആത്മീയവും ഭൗതികവുമായ പ്രതിസന്ധികൾക്ക് മുൻതൂക്കം നല്കണമെന്നും ആർച്ചുബിഷപ്പ് ജോർജ്ജ് ഞരളക്കാട്ട് പറഞ്ഞു. മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി ആഘോഷത്തിന് മുന്നോടിയായി നടത്തപ്പെടുന്ന രൂപതാ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്താ.
രൂപതാ അസംബ്ലിയുടെ രണ്ടാം ദിവസം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ വിശ്വാസം, ആത്മീയത, വിശ്വാസപരിശീലനം, സഭയുടെ ആത്മീയ നേതൃത്വം എന്നിവയും ക്രൈസ്തവസമുദായത്തിന്റെ ഉയർന്നുപോകുന്ന വിവാഹപ്രായം, കുറഞ്ഞുവരുന്ന ജനനനിരക്ക്, വർദ്ധിക്കുന്ന വിവാഹമോചനങ്ങളും കുടുംബപ്രശ്നങ്ങളും, ലഹരിയുടെ വർദ്ധിക്കുന്ന ഉപഭോഗം, കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയും യോഗം ചർച്ച ചെയ്തു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടന്ന ചർച്ചകൾ മൂന്ന് സെഷനുകളിലായി കർമ്മപദ്ധതികളും അവ നടപ്പിലാക്കേണ്ട സമയക്രമവും തീരുമാനിച്ചു.
വിവിധ ചർച്ചകളിൽ ഡോ മത്തായി, ജോസ് പുന്നക്കുഴി, ഡോ. ജോഷി മാത്യു, ബീന ജോൺസൺ എന്നിവർ നേതൃത്വം വഹിച്ചു. ക്രോഡീകരണ സമ്മേളനത്തിൽ മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം അദ്ധ്യക്ഷത വഹിച്ചു. ബിബിൻ ചെമ്പക്കര, മെലിൻ ആന്റണി, ലിസ്സി ജോസഫ്, ഒ.പി. അബ്രഹാം, ഷൈജു മഠത്തിൽ, ബെറ്റി അന്ന ബെന്നി, രഞ്ജിത്ത് മുതുപ്ലാക്കൽ, സിജോ അറക്കൽ, ബിജു പാലത്തിങ്കൽ, അഡ്വ. ജിജിൽ എന്നിവർ പേപ്പറുകൾ അവതരിപ്പിച്ചു. മോൺ. പോൾ മുണ്ടോളിക്കൽ, ജൂബിലി ആഘോഷ കൺവീനർ ഫാ. ബിജു മാവറ എന്നിവർ സംസാരിച്ചു.