News

പീഡനത്തിന് ഇരയാകുന്ന 34 കോടി ക്രൈസ്തവര്‍ക്കു ഐക്യദാര്‍ഢ്യം: വാഷിംഗ്‌ടണില്‍ ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ 25ന്

പ്രവാചകശബ്ദം 03-09-2021 - Friday

വാഷിംഗ്‌ടണ്‍ ഡി.സി: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ ജീവന് വേണ്ടി ക്രൈസ്തവര്‍ പരക്കം പായുന്ന സാഹചര്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടെ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സ്മരിച്ച് യു‌എസ് തലസ്ഥാനമായ വാഷിംഗ്‌ടണില്‍ പ്രാര്‍ത്ഥന റാലി ഒരുങ്ങുന്നു. ലോകത്ത് വിശ്വാസത്തിന്റെ പേരില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രിസ്ത്യാനികളാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ക്രിസ്ത്യന്‍ വിരുദ്ധ പീഡനങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ‘ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ എന്ന സന്നദ്ധ സംഘടന സംഘടിപ്പിക്കുന്ന രണ്ടാമത് ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ വാര്‍ഷിക റാലി സെപ്റ്റംബര്‍ 25നാണ് നടക്കുക. ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന 34 കോടി ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വാഷിംഗ്‌ടണ്‍ ഡി.സി യില്‍ നടക്കുന്ന റാലിയില്‍ ആയിരത്തിലധികം ആളുകള്‍ പങ്കുചേരും.

ക്രൈസ്തവര്‍ക്കു നേരെയുള്ള മതപീഡനം ലോക ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതു റാലിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ദി കാത്തലിക് കണക്റ്റ് ഫൗണ്ടേഷന്‍, ഓപ്പണ്‍ഡോഴ്സ് യു.എസ്.എ, ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്, ലിബര്‍ട്ടി സര്‍വ്വകലാശാലയുടെ ഫ്രീഡം സെന്റര്‍, സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ് തുടങ്ങിയ സംഘടനകളും റാലിയ്ക്കു ചുക്കാന്‍ പിടിക്കുന്നുണ്ട്. നാഷണല്‍ മാളില്‍ നിന്നാണ് ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ ആരംഭിക്കുക. വൈറ്റ്ഹൗസും കടന്ന്‍ ജെ.ഡബ്ലിയു മാരിയറ്റ് ഹോട്ടലില്‍ അവസാനിക്കുന്ന റാലിക്ക് ശേഷം ‘നൈറ്റ് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ എന്ന പരിപാടിയും നടക്കും.

മതപീഡനത്തിനിരയായ ക്രൈസ്തവരുടെയും, അവര്‍ക്ക് വേണ്ടി ശബ്ദിച്ചവരുടേയും സാക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പരിപാടിയാണ് നൈറ്റ് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്. ‘ഫോര്‍ ദി മാര്‍ട്ടിയേഴ്സ് പ്രസിഡന്റ് ഗിയാ ചാക്കോണിന് പുറമേ, നസ്രായന്‍.ഓര്‍ഗ് സ്ഥാപകനായ ഫാ. ബെനഡിക്ട് കേളി, ഓപ്പണ്‍ഡോഴ്സ് യു.എസ്.എ പ്രസിഡന്റ് ഡേവിഡ്‌ കറി, ചൈന എയിഡ് സ്ഥാപകനായ ബോബ് ഫു, സംഗീതജ്ഞനും പ്രഭാഷകനുമായ സീന്‍ ഫ്യൂച്റ്റ്, ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ് പ്രസിഡന്റ് തൌഫീക്ക് ബാക്ക്ലിനി, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ മുന്‍ യു.എസ് കമ്മീഷണര്‍ ജോണി മൂര്‍, റിലേറ്റബിള്‍ പോഡ്കാസ്റ്റ് അവതാരകനായ അല്ലി ബെത് സ്റ്റക്കി തുടങ്ങിയ പ്രമുഖര്‍ സംസാരിക്കും.

ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളെന്ന നിലയില്‍ മതപീഡനങ്ങള്‍ക്കിരയായി കൊണ്ടിരിക്കുന്ന സഹോദരീ സഹോദരന്മാര്‍ക്ക് വേണ്ടി ഏതാണ്ട്ത്തോ ആയിരത്തോളം പേര്‍ ചുവന്ന വസ്ത്രങ്ങളുമണിഞ്ഞ്‌ റാലിയില്‍ പങ്കെടുക്കുമെന്നു ഗിയാ ചാക്കോണ്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നതെല്ലാം നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ക്രിസ്ത്യാനികളെ വേട്ടയാടി കൊന്നുകൊണ്ടിരിക്കുകയാണ്. ലോകത്തെ വിവിധ രാഷ്ട്രങ്ങളിലും ഇതുതന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്, പക്ഷെ വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. അതുകൊണ്ടാണ് ഇത്തരമൊരു റാലിയെ കുറിച്ച് തങ്ങള്‍ ആലോചിച്ചതെന്നും ചാക്കോണ്‍ കൂട്ടിച്ചേര്‍ത്തു.

അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് വേണ്ടി യേശുവിന്റെ ജനത ഒന്നായി അണിചേരണമെന്നും, ഒന്നിച്ചുള്ള ശബ്ദം ഉയര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല വേദിയാണ് ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സെന്നും ഓപ്പണ്‍ഡോഴ്സ് യു.എസ്.എ പ്രസിഡന്റ് ഡേവിഡ്‌ കറി പ്രസ്താവിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5-നാണ് ആദ്യത്തെ മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ് നടന്നത്. നൂറുകണക്കിന് ആളുകള്‍ അന്നത്തെ റാലിയില്‍ പങ്കെടുത്തിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 690