India - 2025
തിരുവല്ല മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു: ഐക്യദാര്‍ഢ്യം അറിയിച്ച് കൂടുതല്‍ മെത്രാന്മാര്‍ പാലാ ബിഷപ്പ് ഹൗസില്‍
പ്രവാചകശബ്ദം 26-09-2021 - Sunday
പാലാ: സീറോ മലങ്കര കത്തോലിക്ക സഭ സിനഡ് സെക്രട്ടറിയും തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ തോമസ് മാർ കൂറീലോസ് പിതാവ് പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. നേരത്തെ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകളെ മലങ്കര സഭ തള്ളിക്കളഞ്ഞുവെന്ന രീതിയിൽ നവമാധ്യമങ്ങളിൽ വ്യാജ പ്രചരണമുണ്ടായിരിന്നു. ഈ പശ്ചാത്തലത്തിൽ നടന്ന സന്ദർശനത്തിന് വലിയ പ്രാധാന്യമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്.
യാഥാര്‍ത്ഥ്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചില സാമുദായിക നേതാക്കളും വേട്ടയാടുന്ന പശ്ചാത്തലത്തില്‍ പാലാ അരമനയിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ നിരവധി മെത്രാന്‍മാര്‍ എത്തിച്ചേരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
സീറോമലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, അദിലാബാദ് രൂപത ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ, തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംബ്ലാനി, പാലക്കാട് രൂപത സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുര എന്നിവരും ഇന്ന് പാലാ അരമനയിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്ന് വിവിധ രൂപതകളിലെ ഇടവകകളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യോഗം കൂടിയിരിന്നു. വിഷയത്തിൽ കേരള സഭ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന സൂചനയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.