India - 2025
കൂട്ടിക്കലിന്റെ പുനര്‍നിര്‍മിതിക്കു റിഹാബിലിറ്റേഷന്‍ മിഷനു മാര്‍ ജോസഫ് കല്ലറങ്ങാട്ട് രൂപം നല്‍കി
25-10-2021 - Monday
പാലാ: ദുരന്തഭൂമിയായ കൂട്ടിക്കല്‍, കൊക്കയാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ പ്രദേശങ്ങളുടെ പുനര്‍നിര്‍മിതിക്കു പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറന്പിലിന്റെ നേതൃത്വത്തില്‍ വൈദികരും വിശ്വാസികളും അടങ്ങുന്ന കൂട്ടിക്കല്‍ റിലീഫ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ മിഷനു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രൂപം കൊടുത്തു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍സഹായ പദ്ധതികള്‍ തയാറാക്കുന്നതിനുമായി കൂട്ടിക്കല്‍, ഏന്തയാര്‍, കാവാലി എന്നിവിടങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ വിവിധ യോഗ പ്രതിനിധികളുടെയും സംഘടനാ പ്രതിനിധികളുടെയുടെയും സംയുക്തയോഗം ചേര്‍ന്നു.
വീടുകള്‍ ശുചീകരിക്കാനുള്ള ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വികാരിയച്ചന്‍മാരുടെയും കമില്ലസ് സന്യാസ വൈദികരുടെയും നേതൃത്വത്തില്‍ എസ്എംവൈഎം, ജീസസ് യൂത്ത്, എകെസിസി, പിഎസ്ഡബ്ല്യുഎസ് സ്വാശ്രയ സംഘങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. ദുരിത ബാധിതര്‍ക്ക് ജീവിതസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി വാസയോഗ്യമായ ഭൂമി, വീട്, വരുമാന മാര്‍ഗം എന്നിവയ്ക്കായി സര്‍ക്കാര്‍ സഹായങ്ങള്‍ക്കൊപ്പം ഇതര സഹായങ്ങളും നേടിയെടുക്കുന്നതിന് ആവശ്യമായ റിലീഫ് പദ്ധതികളും കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുമെന്ന് കൂട്ടിക്കല്‍ മിഷന്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് മലേപ്പറന്പില്‍, പാലാ രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ എന്നിവര്‍ അറിയിച്ചു.