India - 2024

വി.ടി ബൽറാമിന്റെ പോസ്റ്റ് തെറ്റിദ്ധാരണാജനകം: അൽമായ ഫോറം

പ്രവാചകശബ്ദം 18-06-2022 - Saturday

കൊച്ചി: കഴിഞ്ഞ ചില ദിവസങ്ങളായി നിലനിൽക്കുന്ന സാമുദായിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വി.ടി ബൽറാം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി. കേരളത്തിലെ മാധ്യമ പ്ലാറ്റുഫോമുകളിൽ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന തോൽവിയായി വി ടി ബൽറാമിന്റേതു മാറിയതിനുപിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ. അയാൾ വിവേകശൂന്യമായ പ്രസ്താവനകൾ തുടരെ തുടരെ തൊടുത്തുവിടുന്നു. തൃത്താലയിലെ ജനങ്ങൾ അവഗണിച്ച് കഴിഞ്ഞ തള്ളിക്കളഞ്ഞിട്ടും കാര്യങ്ങൾ പഠിക്കുന്നില്ല. ക്രൈസ്തവസ്വതങ്ങൾക്കെതിരെ, ക്രൈസ്തവർക്കെതിരെ,ക്രൈസ്തവ മതനേതാക്കൾക്കെതിരെ നിരന്തരം സംസാരിക്കുന്ന വി ടി ബൽറാമിനെ കോൺഗ്രസ്സ് നിലക്ക് നിർത്തമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി ടി ബൽറാമിന്റെ പല പരാമർശങ്ങളും ക്രൈസ്തവർക്ക് എതിരേയായിരുന്നു. തന്റെ ചുറ്റുപാടുകളെക്കുറിച്ച്, സമൂഹത്തേക്കുറിച്ച്, ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് പക്വമായി സംസാരിക്കാൻ ബല്‍റാം ഇനിയും പഠിക്കണം.അല്ലെങ്കിൽ വിവരമുള്ള കോൺഗ്രസ്സ് നേതാക്കൾ പഠിപ്പിക്കണം. എയ്ഡഡ് മേഖലയിലെ നിയമനം, സ്വാശ്രയ കോളജുകൾക്കെതിരായ സമരം, ശബരിമല യുവതീ പ്രവേശനം, സവർണ സംവരണം,എന്നീ വിഷയങ്ങളിൽ നല്ല പരിശീലനം ഇയാൾക്ക് കോൺഗ്രസ്സ് നേതാക്കൾ കൊടുക്കുമല്ലോ? കോൺഗ്രസ്സ് പാർട്ടിയിൽ നടത്തുന്ന മാധ്യമ കസർത്തുകൾ പാർട്ടിയ്ക്ക് പുറത്തുള്ളവരോട് വേണ്ട.യാഥാർഥ്യങ്ങൾ മനഃപൂർവ്വം അവഗണിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത ഇത്തരം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്.

ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞതുമായ മഹത് വ്യക്തിത്വങ്ങളെ അവഹേളിച്ചു ആത്മസുഖം തേടുന്ന ഇദ്ദേഹത്തെപ്പോലെയുള്ളവരെ സാംസ്‌കാരിക കേരളം പുറംതള്ളും. ബൽറാം പ്രകടിപ്പിക്കുന്നത് കോൺഗ്രസ്സിന്റെ രാഷ്ട്രീയ സംസ്കാരം തന്നെയാണോയെന്ന് എ കെ ആന്റണിയും, ചെന്നിത്തലയും ,വി ഡി സതീശനും,കെ സുധാകരനും ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കണം.

ക്രൈസ്തവരും, സാംസ്ക്കാരിക പ്രവർത്തകരും നമ്മുടെ നാടിന്റെ പുരോഗതിയിൽ വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് ഇനിയും ചില കോൺഗ്രസ്സ് നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലയിൽ കോൺഗ്രസ് , ക്രൈസ്തവ മതനേതാക്കൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അധിക്ഷേപിക്കുന്ന വി ടി ബൽറാമിനെ പോലെയുള്ളവരെ നിലയ്ക്കു നിർത്താൻ തയ്യാറാവണമെന്ന് ആവശ്യപ്പെടുകയാണെന്നും അൽമായ ഫോറം സെക്രട്ടറി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

More Archives >>

Page 1 of 464