India - 2025
ദളിത് ക്രൈസ്തവർക്ക് സംവരണം ലഭിക്കുന്നതിന് കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കണം: കെസിബിസി
പ്രവാചകശബ്ദം 08-12-2022 - Thursday
കൊച്ചി: പട്ടിക ജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരിൽ സംവരണം നഷ്ട്ടപ്പെട്ട് കഴിയുന്ന ക്രൈസ്തവര്‍ക്ക് നീതി ലഭിക്കാന്‍ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കണമെന്ന് കെസിബിസി. ഇന്നലെ പുറത്തിറക്കിയ കെസിബിസി സമ്മേളനാന്തര പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. 1950-ലെ പ്രസിഡൻഷ്യൽ ഓർഡർ പ്രകാരം പട്ടികജാതി സംവരണം ദളിത് ക്രൈസ്തവർക്ക് നഷ്ടപ്പെട്ടു. ഈ വിവേചനത്തിനെതിരെ ദളിത ക്രൈസ്തവർ കഴിഞ്ഞ 72 വർഷങ്ങളായി പ്രതിഷേധങ്ങളും സമരങ്ങളും നടത്തി വരികയാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.
ദളിത ക്രൈസ്തവർക്ക് പട്ടികജാതി സംവരണം ലഭിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതിയിൽ 2004-ൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ കേന്ദ്ര സർക്കാർ നല്കിയിട്ടുള്ള നിലപാട് പുനഃപരിശോധിക്കണമെന്നും വിവിധ കമ്മീഷനുകൾ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം ലഭിക്കുന്നതിന് അനുകൂലമായ നിലപാട് കേന്ദ്രഗവൺമെന്റ് സ്വീകരിക്കണമെന്നും ഇതിനായി സംസ്ഥാന ഗവൺമെന്റ് ശുപാർശ ചെയ്യണമെന്നും കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു.