India - 2025

ഫാ. എബ്രഹാം അടപ്പൂര്‍ എസ്‌ജെ വിടവാങ്ങി

പ്രവാചകശബ്ദം 03-12-2022 - Saturday

കോഴിക്കോട്: കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായിരിന്ന ജെസ്യൂട്ട് വൈദികന്‍ ഫാ. ഏബ്രഹാം അടപ്പൂര്‍ SJ വിടവാങ്ങി. റോമിൽ ജസ്യൂട്ട്‌ ജനറലിന്റെ ഇൻഡ്യക്കായുളള സെക്രട്ടറി, ആംഗ്ലിക്കൻ-റോമൻ കത്തോലിക്ക അന്തർദ്ദേശീയ സമിതിയംഗം, എറണാകുളത്തെ ലൂമൻ ഇൻസ്‌റ്റിട്ട്യൂട്ടിന്റെ ഡയറക്‌ടർ, ന്യൂമൻ അസോസിയേഷന്റെ കേരള റീജിയണൽ ചാപ്ലിൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

1926ൽ മൂവാറ്റുപുഴയ്ക്കടുത്ത ആരക്കുഴയിൽ അടപ്പൂർ ജോൺ – മറിയം ദമ്പതികളുടെ മകനായി ജനിച്ചു. കോഴിക്കോട്‌, കൊഡൈക്കനാൽ, പൂനെ എന്നിവിടങ്ങളിൽ ജസ്യൂട്ട്‌ പരിശീലനം പൂർത്തിയാക്കി. 1959-ൽ വൈദികപട്ടം സ്വീകരിച്ചു. മംഗലാപുരം സെന്റ്‌ അലോഷ്യസ്‌ കോളജിൽനിന്ന്‌ ബി.എ.യും തുടർന്ന് ഫ്രാൻസിലെ സ്ട്രാസ്ബുർഗ് സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ എം.എ. ബിരുദവും ദൈവശാസ്ത്രത്തിൽ പിഎച്ച്.ഡിയും നേടി.

കമ്യൂണിസം ഒരു ചരമക്കുറിപ്പ്, ഈശ്വരനുണ്ടെങ്കിൽ,അണുബോംബ് വീണപ്പോൾ, മനുഷ്യനും മൂല്യങ്ങളും, ഇരുളും വെളിച്ചവും, ജോണും പോളും ജോൺപോളും, ഞാൻ കണ്ട പോളണ്ട്‌, പാളം തെറ്റിയ ദൈവശാസ്‌ത്രം, എതിർപ്പിലൂടെ മുന്നോട്ട്‌, കമ്മ്യൂണിസത്തിന്റെ തകർച്ച, മൂല്യനിരാസം എന്ന പാപം, കൾച്ചറൽ ക്രൈസിസ്‌ ഇൻ ഇന്ത്യ തുടങ്ങിയവയാണ് പ്രധാനകൃതികൾ.

കേരള കാത്തലിക്‌ ബിഷപ്പ്‌സ്‌ കോൺഫറൻസിന്റെ മാനവിക സാഹിത്യ അവാർഡ്‌ (1998), ക്രൈസ്‌തവ സാംസ്‌കാരികവേദിയുടെ പുസ്‌തക അവാർഡ്‌, എ.കെ.സി. സി.യുടെ സാഹിത്യ അവാർഡ്‌ (1993), പോൾ കാക്കശ്ശേരി അവാർഡ്‌ (1997) എന്നീ പുരസ്കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിരിന്നു. മൃതസംസ്കാരം തിങ്കളാഴ്ച കോഴിക്കോട് നടക്കും.

More Archives >>

Page 1 of 495