News - 2025
കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ദിനത്തെ സ്മരിച്ചു റഷ്യയില്‍ ഗര്‍ഭഛിദ്രത്തിന് വിലക്കേര്‍പ്പെടുത്തി
സ്വന്തം ലേഖകന്‍ 14-01-2017 - Saturday
മോസ്‌കോ: കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ദിനത്തെ സ്മരിച്ചു റഷ്യയില്‍ ഗര്‍ഭഛിദ്രം നിര്‍ത്തിവച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ച് ഒരു ദിവസത്തേക്കു ഗര്‍ഭഛിദ്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. യാരോസ്ലാവല്‍ മേഖലയിലാണ് ഗര്‍ഭഛിദ്രം നിരോധിച്ചത്. 'ഗര്‍ഭഛിദ്രത്തെ ഒഴിവാക്കി ഒരു ദിവസം മൗനം ആചരിക്കാം' എന്നാണ് യാരോസ്ലാവല്‍ രൂപത തങ്ങളുടെ വെബ്‌സൈറ്റിലൂടെ പൊതുസമൂഹത്തോട് ആവശ്യപ്പെട്ടത്. ഇതിനെ സര്‍ക്കാര്‍ സംവിധാനങ്ങളും പിന്‍തുണയ്ക്കുകയായിരുന്നു.
ഇക്കഴിഞ്ഞ 11-ാം തീയതി യാരോസ്ലാവല്‍ മേഖലയില്‍ ഗര്‍ഭഛിദ്രം നിരോധിച്ച് പ്രത്യേക ദിനം ആചരിച്ചുവെന്ന്‍ 'റഷ്യ ടുഡേ' പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയില്‍ ഗര്‍ഭഛിദ്രം ചെയ്യുന്നതിന് നിലവില്‍ വിലക്കുകള്‍ ഇല്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടി നടത്തുന്ന എല്ലാ ഗര്‍ഭഛിദ്രത്തേയും ഒരു ദിവസത്തേക്ക് വിലക്കുന്നതായി 11-ാം തീയതി പുറപ്പെടുവിച്ച ഉത്തരവില്‍ പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിയിച്ചു. മേഖലയിലെ സ്വകാര്യ ആശുപത്രികളോടും ഈ വലിയ പദ്ധതിയില്‍ പങ്കാളികളാകണമെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.
ക്രിസ്തു ജനിച്ചപ്പോള്‍, തന്റെ രാജത്വത്തിന് അത് ഭീഷണിയാകുമെന്ന് കരുതിയ ഹെറോദേസ് രാജാവ് പൈതലിനെ കൊല്ലുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷകനായ ദൈവം എവിടെയാണെന്ന് കണ്ടെത്തുവാന്‍ കഴിയാതിരുന്ന ഹെറോദേസ്, ക്രൂരമായ തന്റെ കല്‍പ്പനയിലൂടെ പ്രദേശത്തെ രണ്ടു വയസില്‍ താഴെ പ്രായമുള്ള ആണ്‍കുഞ്ഞുങ്ങളെ കൊല്ലുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ കൊല്ലപ്പെട്ട നിഷ്‌കളങ്കരായ പൈതങ്ങളുടെ അനുസ്മരണമാണ് കുഞ്ഞിപൈതങ്ങളുടെ ദിനത്തില്‍ അനുസ്മരിക്കുന്നത്.
റഷ്യയിലെ ക്രൈസ്തവ സഭകള്‍ ഏറെ പ്രാധാന്യത്തോടെയാണ് കുഞ്ഞിപൈതങ്ങളുടെ ഈ രക്തസാക്ഷിത്വത്തെ കാണുന്നത്. പ്രാദേശികമായി സംഘടിപ്പിച്ച വിവിധ ചടങ്ങുകളില്‍ നിരവധി വിശ്വാസികള്‍ കത്തിച്ചു പിടിച്ച മെഴുകുതിരികളുമായിട്ടാണ് കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ദിനത്തെ ആചരിക്കുവാന്‍ എത്തിയത്. ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിച്ച കുഞ്ഞുങ്ങളുടെ ആത്മാക്കള്‍ക്കു വേണ്ടിയും അവര്‍ പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ കിറില്‍ പാത്രീയാര്‍ക്കീസ് സര്‍ക്കാര്‍ ഫണ്ട് നല്‍കി നടത്തുന്ന ഗര്‍ഭഛിദ്രം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ രക്ഷിക്കുവാന്‍ ഗര്‍ഭഛിദ്രത്തെ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും കിറില്‍ പാത്രീയാര്‍ക്കീസ് ആവശ്യപ്പെട്ടു.
സഭയുടെ ആഹ്വാന പ്രകാരം റഷ്യയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു ദിവസത്തേക്ക് ഗര്‍ഭഛിദ്രത്തെ നിരോധിച്ചതിനെ നിരീക്ഷകര്‍ നോക്കി കാണുന്നത് മറ്റു ചില തലങ്ങളില്‍ കൂടിയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിനും സഭയുമായി കൂടുതല്‍ ശക്തമായ ബന്ധങ്ങളിലേക്ക് വളരുകയാണെന്ന് നിരീക്ഷകര്‍ വലിയിരുത്തുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തെ തുടര്‍ന്നു നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ റഷ്യയിലെ ക്രൈസ്തവര്‍ക്കു പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് സര്‍ക്കാരിന്റെ നിലപാട്.