News - 2024

അമ്മ സമ്മാനിച്ച ബൈബിളിലും, എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളിലും തൊട്ട് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കും

സ്വന്തം ലേഖകന്‍ 18-01-2017 - Wednesday

വാഷിംഗ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. എബ്രഹാം ലിങ്കണ്‍ തന്റെ സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ച ബൈബിളും, ട്രംപിന്റെ അമ്മ അദ്ദേഹത്തിന് കുട്ടിക്കാലത്ത് സമ്മാനമായി നല്‍കിയ ബൈബിളിലും തൊട്ടായിരിക്കും പുതിയ പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കുക. പ്രസിഡന്‍ഷ്യല്‍ ഇനാഗുറല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ടോം ബാരക്കാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

"156 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാനായ എബ്രഹാം ലിംങ്കണ്‍ തന്റെ സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ച ബൈബിളില്‍ തൊട്ടായിരിക്കും ട്രംപും അധികാരം സ്വീകരിക്കുക. എബ്രഹാം ലിങ്കണ്‍ അധികാരത്തിലേക്ക് എത്തിയപ്പോള്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗവും ഓര്‍ക്കുന്നു. പുതിയ മുഹൂര്‍ത്തതില്‍ തന്റെ കുടുംബത്തോടും രാജ്യത്തോടുമുള്ള അര്‍ത്ഥപൂര്‍ണ്ണമായ സന്ദേശം കൂടിയാകും ട്രംപ് നല്‍കുക". ടോം ബാരക്ക് പറഞ്ഞു.

2009-ലും 2013-ലും ബരാക്ക് ഒബാമയും ഇതെ ബൈബിളില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. എബ്രഹാം ലിംങ്കണ്‍ ഉപയോഗിച്ച ബൈബിള്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ പ്രത്യേകമായി സൂക്ഷിക്കുന്ന പതിവാണ് തുടര്‍ന്നു പോരുന്നത്. 1955-ല്‍ സൺ‌ഡേസ്‌കൂളിലെ പ്രൈമറി ക്ലാസ് പഠനം പൂര്‍ത്തീകരിച്ച വേളയിലാണ് ട്രംപിന്റെ മാതാവ് അദ്ദേഹത്തിന് ബൈബിള്‍ സമ്മാനിച്ചത്. ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റേറിയന്‍ ചര്‍ച്ചിലാണ് ട്രംപ് വേദപഠനം നടത്തിയത്. ട്രംപിന് അമ്മ നല്‍കിയ ബൈബിളില്‍ ദേവാലയത്തിന്റെ പേരും, അദ്ദേഹത്തിന്റെ പേരും, സമ്മാനിച്ച ദിനവും എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.


Related Articles »