News - 2025

അമേരിക്കന്‍ കറുത്തവര്‍ഗക്കാരുടെ ഇടയില്‍ കത്തോലിക്ക സംഘടന നടത്തുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകന്‍ 18-01-2017 - Wednesday

വാഷിംഗ്ടണ്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന 'നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവറി'ന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. കത്തോലിക്ക വിശ്വാസത്തില്‍ അടിസ്ഥാനപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടന രാജ്യത്തെ കറുത്തവര്‍ഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടി പ്രത്യേകം രൂപീകൃതമായതാണ്. 1909-ല്‍ ജോസഫൈറ്റ് വൈദികരായ നാലു പേരും മൂന്നു അല്‍മായരും ചേര്‍ന്ന് അലായിലാണ് 'നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവര്‍' ആരംഭിച്ചത്.

യുഎസിലെ 39 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംഘടനയ്ക്ക് ദക്ഷിണ അമേരിക്കയിലും ശാഖകളുണ്ട്. ആറു പ്രധാനപ്പെട്ട സംഘടനകളായിട്ടാണ് നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവര്‍ തരംതിരിക്കപ്പെട്ടിരിക്കുന്നത്. ലേഡീസ് ഓഫ് പീറ്റര്‍ ക്ലേവര്‍, ജൂനിയവര്‍ പീറ്റര്‍ ക്ലേവര്‍, ഫോര്‍ത്ത് ഡിഗ്രി നൈറ്റ്, ഫോര്‍ത്ത് ഡിഗ്രി നൈറ്റ് ഓഫ് ലേഡിസ് തുടങ്ങിയവയിലാണ് സംഘടന തങ്ങളുടെ മുദ്ര പതിപ്പിച്ചിരിക്കുന്നത്. വെളുത്ത വര്‍ഗക്കാരായ അമേരിക്കക്കാരുടെ സംഘടനകളില്‍ പ്രവേശനം നിഷേധിക്കുമ്പോള്‍ കറുത്ത വര്‍ഗക്കാരായ വിശ്വാസികളുടെ വലിയ കൂട്ടായ്മയായി 'നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവര്‍' രാജ്യത്ത് വളരുകയാണ്.

തൊഴില്‍ മേഖലയിലും, സമൂഹത്തിന്റെ വിവിധ മേഖലകളിലും കറുത്ത വര്‍ഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ധീരമായി നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവറിന്റെ അംഗങ്ങള്‍ ഇന്ന്‍ നേരിടുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ പല വാക്കുകളും സംഘടനയ്ക്ക് പ്രചോദനമായെന്ന്‍ സംഘടനയുടെ മേധാവിയായി 2010 മുതല്‍ 2016 വരെ പ്രവര്‍ത്തിച്ച ഫാദര്‍ ഡെക്കാര്‍ലോസ് ബ്ലാക്ക്‌മോന്‍ പറഞ്ഞു. കത്തോലിക്ക വിശ്വാസത്തെ കുറിച്ച് ആഴമായി പഠിച്ചിട്ടുള്ള വ്യക്തിയായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"വിശ്വാസത്തിന്റെ മനുഷ്യനാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഏവരേയും ആകര്‍ഷിക്കുന്നതാണ്. കത്തോലിക്ക വിശ്വാസത്തെ സംബന്ധിച്ച് ആഴമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ തന്നെ ആഴമായി സ്വാധീനിച്ചിട്ടുണ്ടെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബര്‍മിംങ്ഹാം ജയിലില്‍ തടവില്‍ കഴിഞ്ഞപ്പോള്‍ എഴുതിയ കത്തില്‍ അനീതിയുള്ള ഒരു നിയമം ഒരിക്കലും നിയമമല്ലെന്ന വിശുദ്ധന്റെ വാക്കുകള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു". ഫാദര്‍ ഡെക്കാര്‍ലോസ് ബ്ലാക്ക്‌മോന്‍ പറഞ്ഞു.

ആഫ്രിക്കന്‍ അമേരിക്കന്‍, ഹിസ്പാനിയന്‍ വിഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി പേരാണ് നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവറില്‍ അംഗങ്ങളായിട്ടുള്ളത്. ഈ വിഭാഗക്കാര്‍ മെഡിക്കല്‍, നിയമം, ഉന്നതവിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ ഏറെ മുന്നേറ്റം കൈവരിച്ചതു നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവറിന്റെ പ്രവര്‍ത്തനത്തിന്റെ കൂടെ ഫലമാണെന്ന് ഫാദര്‍ ഡെക്കാര്‍ലോസ് ബ്ലാക്ക്‌മോന്‍ പറഞ്ഞു.


Related Articles »