News - 2025
അനേകം പട്ടിണിപ്പാവങ്ങളെ രക്ഷിച്ച ഫാ. ടോം മരണത്തെ ഭയപ്പെടുന്നില്ല: ഫാ.ജോർജ് മുട്ടത്തുപറമ്പിൽ
സ്വന്തം ലേഖകന്‍ 30-01-2017 - Monday
ബംഗളൂരു: അനേകം പട്ടിണിപ്പാവങ്ങളെ രക്ഷിച്ച ഫാ. ടോം മരണത്തെ ഭയമില്ലാത്ത ഒരു വിശുദ്ധനാണെന്ന് ഫാ.ടോമിന്റെ സുഹൃത്തും സന്തതസഹചാരിയുമായിരിന്ന ഫാ.ജോർജ് മുട്ടത്തുപറമ്പിൽ. ദീപിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ടോമച്ചന്റെ ഓര്‍മ്മകള്‍ ഫാ.ജോർജ് അനുസ്മരിച്ചത്.
യെമനിലെ പാവപ്പെട്ട മക്കൾക്കുവേണ്ടി ജീവിക്കുമ്പോൾ ദിവ്യകാരുണ്യ ഈശോയെ കാണുന്നുവെന്ന് പറഞ്ഞ ഫാ. ടോം തളരില്ലായെന്നും ടോം ഉഴുന്നാലിലിന്റെ ജീവിതരീതിയും അനുഭവങ്ങളും ഭക്തിയും നേരിട്ട് അനുഭവിച്ച ഫാ. ജോര്‍ജ്ജ് പറയുന്നു. ഫാ. ടോമിന്റെ ഒപ്പം യെമനില്‍ ദീര്‍ഘകാലം സേവനം ചെയ്ത ഫാ.ജോർജ്, വീസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നു 2016 മാർച്ച് 30നാണ് യെമനിൽ നിന്നു നാട്ടിലേക്കു മടങ്ങിയത്.
"അവൻ ഒരു വിശുദ്ധനാണ്. ഒരിക്കലും മരണത്തെ ഭയപ്പെടാത്തവൻ. യെമനിലെ പാവപ്പെട്ട മക്കൾക്കുവേണ്ടി ജീവിക്കുമ്പോൾ ദിവ്യകാരുണ്യ ഈശോയെ കാണുന്നുവെന്നു പറഞ്ഞവൻ. അവൻ തളരില്ല. തീവ്രവാദികളുടെ ഭീഷണിയോ, യുദ്ധത്തിന്റെ ഭീകരതയോ യെമനിൽ നിന്നു മിഷനറിമാരെ പിൻതിരിപ്പിക്കാറില്ല. രോഗികളെയും അന്തേവാസികളെയും ഉപേക്ഷിച്ച് അവർ തിരിച്ചുപോരില്ല. എത്രയോ സന്യസ്തർ മരണത്തിനു കീഴടങ്ങി. എത്രയോപേർ പീഡിപ്പിക്കപ്പെടുന്നു. എന്നാലും ഈ പാവപ്പെട്ട ജനങ്ങളെ അവർ ഉപേക്ഷിക്കില്ല".
"പീഡനത്തെ പുഞ്ചിരിയോടെ നോക്കി കാണുന്നവരാണ് ഇവർ. തീവ്രവാദികളെയോ യുദ്ധത്തെയോ ഒരിക്കലും ടോം ഉഴുന്നാലിൽ ഭയപ്പെട്ടില്ല. മരണത്തെ ഭയപ്പെടുന്ന ജീവിതമായിരുന്നില്ല അച്ചന്റേത്. യെമനിലേക്കു തിരിച്ചുവന്നതുതന്നെ ഇവിടെ തളർന്നുവീഴുന്ന നൂറുകണക്കിനു പട്ടിണിപാവങ്ങളെ രക്ഷിക്കാനും മുറിവേറ്റവരെ ശുശ്രൂഷിക്കാനുമാണ്. ഇന്നുവരെ ഒരാളെ പോലും അച്ചൻ മതപരിവർത്തനം നടത്തിയിട്ടില്ല. ടോം അച്ചൻ മരണത്തെ ഭയപ്പെടുന്നില്ല". ഫാ. ജോര്‍ജ്ജ് പറയുന്നു.
"ദൈവമറിയാതെ ഒന്നും സംഭവിക്കുന്നില്ല. അച്ചനെ തടവിലാക്കിയിരിക്കുന്നതു ശരിക്കും വിലപേശാൻ വേണ്ടി മാത്രമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പത്രമാധ്യമങ്ങളിൽ വരുന്ന വാർത്തകളും ഇതു ശരിവയ്ക്കുന്നു. വിദേശികളെ പിടിച്ചുകൊണ്ടുപോയി വിലപേശുന്നത് ഭീകരവാദികളുടെ കാലങ്ങളായുള്ള രീതിയാണ്. ടോം അച്ചന്റെ മോചനം സംബന്ധിച്ച് നാം നേരിടുന്ന പ്രധാന പ്രശ്നമെന്നത് ആരാണ്, അല്ലെങ്കിൽ ഏതു ഗ്രൂപ്പാണ് അച്ചന്റെ തിരോധാനത്തിനു പിന്നിലെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ആയതിനാൽ ഗവണ്മെന്റിന്റെ ഇടപെടലുകളെക്കുറിച്ച് നമുക്ക് ഒന്നും അറിയാൻ സാധിക്കുന്നുമില്ല". ബംഗളൂരു ഡോണ്‍ ബോസ്കോ പ്രൊവിൻഷ്യാൾ ഹൗസിൽ അഡ്മിനിസ്ട്രേറ്ററു കൂടിയായ ഫാ.ജോർജ് പറഞ്ഞു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക