News - 2025
മതിലുകളല്ല, പാലം പണിയൂ: ട്രംപിനോട് അമേരിക്കന്‍ മെത്രാന്‍ സമിതി
സ്വന്തം ലേഖകന്‍ 28-01-2017 - Saturday
ടെക്സാസ്: അമേരിക്ക-മെക്സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റം തടയുന്നതിന് വന്‍മതില്‍ കെട്ടാനുള്ള യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് അമേരിക്കയിലെ മെത്രാന്‍ സംഘം.
അയല്‍രാജ്യമായ മെക്സിക്കോയെ വന്‍മതിലുകെട്ടി വേര്‍തിരിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനം ലോകത്ത് ഇന്ന് അരങ്ങേറുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും പ്രശ്നങ്ങളോടുള്ള നിസ്സംഗതയും കണ്ണടയ്ക്കലുമാണെന്ന്‍ ബിഷപ്പ് ജോവാസ്ക്വെസ് അഭിപ്രായപ്പെട്ടു. ജനുവരി 26നു യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിൽ നിര്‍മിക്കാനുള്ള ഉത്തരവിൽ ഡൊണൾഡ് ട്രംപ് ഒപ്പിട്ടതിന് പിന്നാലെയാണ് ദേശീയ മെത്രാന്‍ സമിതി അധ്യക്ഷന്റെ പ്രതികരണം.
മെക്സിക്കോ തൊഴിലില്ലായ്മയിലും, ഏറെ ദാരിദ്ര്യത്തിലും മുറിപ്പെട്ടു ജീവിക്കുമ്പോള്‍, അയല്‍ക്കാരോട് പ്രസിഡന്‍റ് ട്രംപ് പ്രകടിപ്പിക്കുന്ന മനോഭാവം ഹൃദയകാഠിന്യത്തിന്‍റെയും മനുഷ്യത്വമില്ലായ്മയുമായി ചരിത്രം നോക്കി കാണുമെന്ന് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടിയുളള ബിഷപ്പ് ജോവാസ്ക്വെസ് ചൂണ്ടിക്കാട്ടി. ലോകത്ത് ഇന്ന് അരങ്ങേറുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും പ്രശ്നങ്ങളോടുള്ള നിസ്സംഗതയും കണ്ണടയ്ക്കലുമാണ് തീരുമാനമെന്ന് ടെക്സാസ് രൂപതാദ്ധ്യക്ഷന്‍ കൂടിയായ ബിഷപ്പ് ജോവാസ്ക്വെസ് കൂട്ടിച്ചേര്‍ത്തു.
നവയുഗത്തില്‍ മതിലുകളല്ല, സൗഹൃദത്തിന്‍റെ പാലങ്ങളാണ് ഇന്ന് മാനവികതയുടെ ആവശ്യമെന്നും, മതിലുകെട്ടി മനുഷ്യരെ അകറ്റിനിറുത്തുന്ന മനോഭാവം ക്രിസ്തീയമല്ലെന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രസ്താവന ബിഷപ്പ് വാസ്ക്വെസ് പ്രത്യേകം അനുസ്മരിച്ചു. കുടിയേറ്റക്കാരും നിരാലംബരുമായ കുട്ടികളോടും സ്ത്രീകളോടുമുള്ള ഏറെ ക്രൂരമായ നിലപാടാണ് ട്രംപിന്‍റെ വന്‍മതിലിനു പിന്നിലെന്നു സംശയിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.