News - 2025
യുകെയില്‍ തടവുകാരുടെ ആത്മഹത്യ തടയുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു ബിഷപ്പ് റിച്ചാര്‍ഡ് മോത്ത്
സ്വന്തം ലേഖകന്‍ 28-01-2017 - Saturday
ലണ്ടന്‍: യുകെയിലെ തടവുകാരുടെ ആത്മഹത്യ തടയുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് രംഗത്ത്. തടവുകാര്‍ ജയിലില്‍ ആത്മഹത്യ ചെയ്യുന്ന സംഭവം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണ് ബ്രൈറ്റൺ & അരുൺഡൽ രൂപതാദ്ധ്യക്ഷന്‍ റിച്ചാര്‍ഡ് മോത്തിന്റെ പ്രതികരണം.
ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും ജയിലുകളില്‍ തടവുകാരുടെ ആത്മഹത്യ വര്‍ദ്ധിച്ചു വരികയാണെന്ന നീതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ബിഷപ്പ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 119 തടവുകാര്‍ ജയിലുകളില്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 37,784 പേര്‍ സ്വയം പരിക്കേല്‍പ്പിച്ചു. 25,049 പേര്‍ക്ക് സഹതടവുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റു.
ഇത്തരം കണക്കുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതു രാജ്യത്തെ ജയിലുകളുടെ അവസ്ഥ തീരെ നിലവാരമില്ലാത്ത രീതിയിലാണെന്ന വസ്തുതയിലേക്കാണെന്നും ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആയിരത്തില്‍ അധികം ജീവനക്കാര്‍ ജയിലില്‍ വൃത്തിയില്ലെന്ന കാരണം പറഞ്ഞ് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
"ജയിലിലെ ഓരോ ആത്മഹത്യയും തടവുകാര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നാണ് സംഭവിക്കുന്നത്. ജയില്‍ ജീവനക്കാര്‍ക്കും, തടവുകാര്‍ക്കുമാണ് ഇവിടെ നഷ്ടം സംഭവിക്കുന്നത്. സര്‍ക്കാരിന്റെ അടിയന്തരശ്രദ്ധ ഈ വിഷയത്തില്‍ ഉടന്‍ തന്നെ ഉണ്ടാകണം. ജയിലില്‍ ആവശ്യത്തിന് ജീവനക്കാരെ ഉടന്‍ നിയമിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പൊതുസമൂഹവും ഈ പ്രശ്‌നത്തില്‍ ഇടപെടല്‍ നടത്തണം. കാരണം ജയിലില്‍ കിടക്കുന്നത് രാജ്യത്തെ സഹപൗരന്‍മാരാണ്". ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് പറഞ്ഞു.