News - 2025
നാസി ഭരണകാലത്ത് രക്തസാക്ഷിത്വം വരിച്ച ജോസഫ് നുസ്സെറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 20-03-2017 - Monday
ബെര്‍ലിന്‍: ഹിറ്റ്ലറുടെ ‘നാസിസം’ ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തുറന്നു പറഞ്ഞതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച ജോസഫ് മേയര്‍ നൂസ്സെറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വിശുദ്ധരുടെ നാമകരണപ്രക്രിയക്കുള്ള തിരുസംഘം മേധാവി കര്‍ദ്ദിനാള്‍ ആഞ്ചലോ അമേട്ടോയാണ് മാര്‍ച്ച് 18 ശനിയാഴ്ച ജോസഫ് മേയറിനെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ബോള്‍സാനോ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു.
1910 ഡിസംബര്‍ 27-ന് ബോള്‍സാനോയിലാണ് ജോസഫ് മേയര്‍-നുസ്സര്‍ ജനിച്ചത്. വിന്‍സെന്റ് ഡി പോള്‍ കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റ് പദവിയിലിരുന്ന അദ്ദേഹം ട്രെന്റ് രൂപതയിലെ ‘കത്തോലിക്കാ ആക്ഷന്റെ’ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിറ്റ്ലറുടെ ‘നാസിസം’ ക്രൈസ്തവ മൂല്യങ്ങള്‍ക്ക് എതിരാണെന്നു തുറന്ന്‍ പറഞ്ഞതിനെ തുടര്‍ന്നു അദ്ദേഹത്തെ ജയിലില്‍ അടച്ചു. തുടര്‍ന്ന്‍ അദ്ദേഹത്തെ വധശിക്ഷക്ക് വിധിക്കുകയും 1945 ഫെബ്രുവരി 24-ന് ദചൌ തടങ്കല്‍ പാളയത്തില്‍ വെച്ച് മരണപ്പെടുകയുമായിരിന്നു.
വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ജോസഫ് മേയര്‍-നുസ്സര്‍, അത്മായരായ വിശ്വാസികള്‍ക്ക് പ്രത്യേകിച്ച് പിതാക്കന്മാര്‍ക്ക് അനുകരിക്കുവാന്‍ കഴിയുന്ന ഒരുത്തമ മാതൃകയാണെന്ന്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഞായറാഴ്ചത്തെ ആഞ്ചലൂസ് പ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു പാപ്പാ ഇപ്രകാരം പറഞ്ഞത്.