News - 2025
മ്യാന്‍മറില്‍ ആയിരകണക്കിന് ക്രൈസ്തവ വിശ്വാസികള്‍ പലായനം ചെയ്യുന്നു
സ്വന്തം ലേഖകന്‍ 24-03-2017 - Friday
നെയ്പിഡോ: മ്യാന്മറില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്നു പതിനായിരകണക്കിന് ക്രിസ്ത്യാനികള്‍ തങ്ങളുടെ വീടും സ്വത്തും ഉപേക്ഷിച്ച് പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. തുര്‍ക്കിയുടെ നാഷണല്‍ പബ്ലിക്ക് ബ്രോഡ്കാസ്റ്റര്‍ ടിആര്‍ടി വേള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം മ്യാന്‍മറില്‍ നിന്നുമുള്ള ഏതാണ്ട് ഒരു ലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികള്‍ പലായനം ചെയ്തു മലേഷ്യയില്‍ അഭയാര്‍ത്ഥികളായി തുടരുന്നുണ്ടെന്നാണ് കണക്കുകള്‍.
ഓങ് സാന്‍ സൂചി അധികാരത്തിലെത്തിയപ്പോള്‍ ആക്രമണം ഒരു പരിധി വരെ കുറയുമെന്നാണ് വിലയിരുത്തിയിരിന്നത്. എന്നാല്‍ തീവ്രബുദ്ധമത രാജ്യമായ മ്യാന്മറില്‍ ആക്രമണം രൂക്ഷമാകുകയാണ് ചെയ്തത്. കാലങ്ങളായി നീണ്ടു നില്‍ക്കുന്ന ഈ ആഭ്യന്തര കലാപത്തിനു യാതൊരു കുറവും വരുത്തുവാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ലായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മ്യാന്‍മറിലെ 5.69 കോടി ജനങ്ങളില്‍ 88 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ആറ് ശതമാനം ക്രിസ്‌ത്യാനികളും നാല് ശതമാനം ഇസ്ലാം മതവിശ്വാസികളുമാണ് രാജ്യത്തുള്ളത്. തീവ്ര ബുദ്ധമത വിശ്വാസികളുടെ അതിക്രമങ്ങളും പീഢനങ്ങളും മ്യാന്‍മറിലെ ക്രൈസ്‌തവരേയും മുസ്ലിമുകളേയും ഇടതടവില്ലാതെ വേട്ടയാടിക്കൊണ്ടിരിക്കയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെട്ട ഗോത്ര വിഭാഗങ്ങളും മ്യാന്‍മര്‍ സൈന്യവും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്.
അടുത്തകാലത്തായി ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ക്രിസ്ത്യാനികളും മറ്റ് മതന്യൂനപക്ഷങ്ങളും മ്യാന്‍മറില്‍ നിന്നും ജീവന്‍ രക്ഷിക്കുവാനായി പലായനം ചെയ്തു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ വെടിനിറുത്തല്‍ പ്രഖ്യപിച്ചിരുന്നുവെങ്കിലും കച്ചിന്‍, ഷാന്‍ പ്രദേശങ്ങളില്‍ മ്യാന്‍മര്‍ സൈന്യം കടുത്ത ആക്രമണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്ന് സന്നദ്ധ സംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ്’ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
സ്ത്രീകളെ മാനഭംഗപ്പെടുത്തുക, സാധാരണക്കാരെ കൊല്ലുക, ജനങ്ങളെ ഭവനരഹിതരാക്കുക തുടങ്ങിയ ഹീനപ്രവര്‍ത്തികള്‍ കലാപം അടിച്ചമര്‍ത്തുക എന്ന പേരില്‍ സര്‍ക്കാര്‍ സൈന്യം ചെയ്തുവരുന്നതായി ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യാന്‍മറിലെ നിരാലംബരായ ക്രിസ്ത്യാനികള്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന ദുരിതങ്ങളിലേക്ക് അന്താരാഷ്ട സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ടത് അത്യാവശ്യമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.