News - 2025
ലണ്ടന്‍ ആക്രമണം: ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
സ്വന്തം ലേഖകന്‍ 24-03-2017 - Friday
വത്തിക്കാന്‍: ലണ്ടനില്‍ പാര്‍ലമെന്‍റ് മന്ദിരത്തിനു സമീപം നടന്ന ഭീകരാക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. മാര്‍പാപ്പയ്ക്കു വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വിന്‍സന്‍റ് നിക്കോളാസിന് എഴുതിയ കത്തിലാണ് തന്റെ ദുഃഖം പങ്കുവെച്ചിരിക്കുന്നത്. ആക്രമണത്തില്‍ മരണമടഞ്ഞവരെയും പരിക്കേറ്റവരെയും ഫ്രാന്‍സിസ് പാപ്പാ വേദനയോടെ ഓര്‍ക്കുകയും ദുരന്തം മൂലം വേദനിക്കുന്നവരോടു പ്രാര്‍ത്ഥനാപൂര്‍വ്വകമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് സന്ദേശത്തില്‍ പറയുന്നു.
അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ലണ്ടനിലും ബെർമിംഗ്ഹാമിലും ആറിടത്തു നടത്തിയ റെയ്ഡിൽ എട്ടുപേർ അറസ്റ്റിലായെന്നും റിപ്പോര്‍ട്ടുണ്ട്. പാർലമെന്റ് മന്ദിരം ഇന്നലെ വീണ്ടും തുറന്നു പ്രവർത്തിച്ചു. ജനാധിപത്യത്തെ നിശ്ശബ്ദമാക്കാൻ നടത്തിയ ഭീകരാക്രമണത്തെ തങ്ങൾ ഭയപ്പെടുന്നില്ലെന്നു ജനസഭയിൽ പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി.